ഗോവന്‍ നിര്‍മിത വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

goan liquid
goan liquid

തൃശ്ശൂർ: ഗോവന്‍ നിര്‍മിത വിദേശമദ്യക്കുപ്പികളുമായി രണ്ടുപേരെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍നിന്നും പിടികൂടി. പാലക്കാട് വാണിയംകുളം സ്വദേശികളായ രാജേഷ് (42), പി. സജിത്ത് എന്നിവരെയാണ് പ്രത്യേകം രൂപീകരിച്ച സ്‌ക്വാഡ് പിടികൂടിയത്. ഇന്നലെ രാവിലെ 8.20 ഓടെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

പ്രതികള്‍ മദ്യക്കുപ്പികള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സ്‌ക്വാഡ് അംഗങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. 750 റോയല്‍ സ്റ്റാങ് എന്ന വിദേശ മദ്യത്തിന്റെ 18 കുപ്പികള്‍ ഒരാളുടെ പക്കല്‍നിന്നും മറ്റെയാളുടെ പക്കല്‍നിന്നു 12 കുപ്പികളും പിടിച്ചെടുത്തു.

ആര്‍.പി.എഫിലെ എസ്.ഐ. മണികണ്ഠന്‍, തൃശൂര്‍ റെയില്‍വേ പോലീസിലെ സി.പി.ഒമാരായ സ്റ്റീഫന്‍, കിരണ്‍ മോഹന്‍, ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. മദനിഷ,് പാലക്കാട് റെയില്‍വേ പോലീസ് സ്റ്റേഷനിലെ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചിലിനിടെയാണ് സംഭവം. 

എസ്.ഐ. കെ.ഒ. തോമസിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ ജയകുമാര്‍, മനോജ് കുമാര്‍, സി.പി.ഒമാരായ പ്രശാന്ത്, ശ്രീജമോള്‍ എന്നിവരാണ് സംശയം തോന്നി പ്രതികളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.

ട്രെയിനില്‍ നടക്കുന്ന മോഷണങ്ങളും മയക്കുമരുന്ന് കടത്തും കണ്ടെത്തുന്നതിനായി എറണാകുളം റെയില്‍വേ ഡിവൈ.എസ്.പിയുടെയും പാലക്കാട് സബ് ഡിവിഷന്‍ റെയില്‍വേ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ ആര്‍.പി.എഫും ജി.ആര്‍.പി.എഫും സംയുക്തമായി ചേര്‍ന്നാണ് സ്‌ക്വാഡ് രൂപീകരിച്ചത്. ഒരാഴ്ചയായി റെയില്‍വേ ഡിവൈ.എസ്.പിയുടെ നിര്‍ദേശാനുസരണം പരിശോധന നടത്തി വരികയായിരുന്നു. സാമ്പിളുകള്‍ ശേഖരിച്ച് മദ്യക്കുപ്പികള്‍ സീല്‍ ചെയ്തതിന് ശേഷം പ്രതികളെ സ്റ്റേഷനില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.

Tags