കുന്നംകുളം ജുമാ മസ്ജിദ് മഖാമില്‍ മോഷണം; മോഷ്ടാവ് അറസ്റ്റില്‍

The thief who stole from Kunnamkulam Juma Masjid Makham was arrested
The thief who stole from Kunnamkulam Juma Masjid Makham was arrested

തൃശൂര്‍: കുന്നംകുളം പഴുന്നാന മഹല്ല് ജുമാമസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അല്‍ ഖാദിരി മഖാമില്‍ മോഷണം നടത്തിയയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂനൂര്‍ ഉണ്ണികുളം സ്വദേശി കക്കാട്ടുമല്‍ വീട്ടില്‍  മുജീബി (41) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 12ന് രാത്രി ഒമ്പതിനും 13ന് പുലര്‍ച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നത്. മോഷ്ടാവ് മഖാമിനുള്ളില്‍ സ്ഥാപിച്ച ഒരു നേര്‍ച്ചപ്പെട്ടിയും പുറത്ത് സ്ഥാപിച്ച രണ്ട് നേര്‍ച്ചപ്പെട്ടികളും തകര്‍ത്ത്  ഒന്നര ലക്ഷത്തോളം രൂപ കവര്‍ന്നിരുന്നു. രാവിലെ മഖാമില്‍ എത്തിയവരാണ് നേര്‍ച്ച പെട്ടികള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. 

പള്ളിയില്‍ സി.സി.ടിവി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. വിരലടയാള വിദഗ്ധര്‍ മോഷണ സ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും മോഷ്ടാവ് ഭണ്ഡാരം തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പ് വടിയും കല്ലും പള്ളിക്കുള്ളില്‍ നിന്നും  കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ മേഖലയിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
 

Tags