തൃശൂര്‍ പെരിങ്ങന്നൂരിൽ തെരുവ് നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു
തൃശൂര്‍: മുണ്ടൂര്‍ പെരിങ്ങന്നൂരിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരുക്കുപറ്റിയ കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കഴിഞ്ഞ കുറച്ചു നാളുകളായി തെരുവുനായ ശല്യം രൂക്ഷമാണ്. അധികൃതരോട് പലപ്രാവശ്യം പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് നാല് പേരെയും കടിച്ചത്. കൊളമ്പ്രത്ത് ദിപേഷ് മകന്‍ ആദിശങ്കര്‍ (11), വിയ്യോക്കാരന്‍ പ്രിയങ്ക മകള്‍ നിള (നാല്), വിയ്യോക്കാരന്‍ ഉഷ മകന്‍ പ്രസാദ് (28),അന്ധാരപറമ്പില്‍ ദിലീപ് മകള്‍ ലിയ (മൂന്ന്) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. അടിയന്തരമായി തെരുവുനായ ശല്യം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.