പഴയന്നൂര്‍ ക്ഷേത്രത്തില്‍ മാല മോഷണം; പ്രതിയെ പിടികൂടി
ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ച സി.സി.ടിവികള്‍ വഴി കവര്‍ച്ചയുടെ ദൃശ്യം പോലീസിന് ലഭിക്കുകയായിരുന്നു.
തൃശൂര്‍: തിരുവില്വാമല പഴയന്നൂര്‍ ചെറുകര മേപ്പാടത്ത് പറമ്പ് സരസ്വതിയുടെ രണ്ടര പവന്‍ തൂക്കമുള്ള താലിമാലയാണ് മോഷ്ടാവ് കവര്‍ന്നത്. നിറമാല ഉത്സവദിനത്തില്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിനകത്ത് തൊഴുതു നില്‍ക്കുമ്പോഴായിരുന്നു ഭക്തയുടെ കഴുത്തിലെ താലി മാല പൊട്ടിച്ചത്. മാല മോഷണം പോയ ഉടന്‍ തന്നെ സരസ്വതി ക്ഷേത്രത്തിനകത്ത് തെരച്ചില്‍ നടത്തി.
ക്ഷേത്ര ജീവനക്കാരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പുതുതായി സ്ഥാപിച്ച സി.സി.ടിവികള്‍ വഴി കവര്‍ച്ചയുടെ ദൃശ്യം പോലീസിന് ലഭിക്കുകയായിരുന്നു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ആത്തുപാളം മാന്നാമധുരെ സ്വദേശിയായ ഭഗവതിയായിരുന്നു മാല മോഷ്ടാവ്. ഇവര്‍ക്ക് ജ്യോതി എന്നും ഗായത്രി എന്നും വിളിപ്പേരുകളുണ്ട്. 2023 ല്‍ ആറ്റിങ്ങലില്‍ ക്ഷേത്രത്തില്‍ നടന്ന മാല പിടിച്ചുപറി കേസിലെ പ്രതിയാണ് ഇവര്‍.
പഴയന്നൂര്‍ സ്റ്റേഷന്‍ സി.ഐ. കെ.എ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിതിന്‍ മാധവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജെ.യു. ജിത്തു, എസ്. സുരഭി എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുന്നതിന് നേതൃത്വം നല്‍കിയത്.