വയോധികന് സംരക്ഷണം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍

Human Rights Commission
Human Rights Commission

തൃശൂര്‍: വയോധികന്റെ വീടിന് സമീപം അപകടകരമായ വിധത്തില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നത് തടയണമെന്നും സമാധാനമായി സ്വന്തം വീട്ടില്‍ കഴിയാന്‍ സാഹചര്യം ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍. വയോധികന് ആവശ്യമുള്ളപ്പോള്‍ വരന്തരപ്പള്ളി പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ മുഖാന്തിരം ബന്ധപ്പെടാനുള്ള സൗകര്യം എസ്.എച്ച്.ഒ. ഒരുക്കണമെന്നും കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു. 

വയോധികന്റെ പ്രായം, ശാരീരിക അവശതകള്‍ എന്നിവ കണക്കിലെടുത്ത് വരന്തരപ്പള്ളി എസ്.എച്ച്.ഒ. പരാതി ഒരിക്കല്‍ കൂടി പരിശോധിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. വരന്തരപ്പിള്ളി മുപ്ലിയം വില്ലേജില്‍ ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍വാസി 45 അടി നീളത്തില്‍ തീയിട്ട് തന്റെ കുരുമുളക് ചെടികള്‍ നശിപ്പിച്ചതായി പറയുന്നു. 

വരന്തരപ്പിള്ളി എസ്.എച്ച്.ഒയില്‍നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരന്റെ മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന റബര്‍ മരങ്ങളുടെ ഇലകള്‍ മുഴുവന്‍ അയല്‍വാസി നടക്കുന്ന വഴിയിലാണ് വീഴുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്‍ ഹാജരാക്കിയ ഫോട്ടോകളില്‍നിന്നും വ്യത്യസ്തമാണ് വരന്തരപ്പിള്ളി എസ്.എച്ച്.ഒ. സമര്‍പ്പിച്ച റിപ്പോര്‍ട്ടെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി.
 

Tags