തൃശ്ശൂരിൽ വീട്ടമ്മയുടെ അഞ്ചര പവന്റെ താലിമാല കവര്‍ന്നു

theft
theft

തൃശൂര്‍: വീട്ടുമുറ്റത്ത് പണിയെടുത്തു കൊണ്ടിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ താലിമാല കവര്‍ന്നു. തെക്കേ നടയില്‍ പുളിയശേരി ലജീഷിന്റെ ഭാര്യ സിധുവിന്റെ മാലയാണ് കവര്‍ന്നത്. ബുധന്‍ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. 

ഇവര്‍ വീടിന് പുറകില്‍ അരി കഴുകുകയായിരുന്നു. ഇവരുടെ പുറകിലൂടെ എത്തിയ മോഷ്ടാവ് മാല തലയിലൂടെ അഴിച്ചെടുത്ത് ഓടി രക്ഷപ്പെട്ടു. ഭയന്ന് നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷ്ടാവ് മുഖം മറച്ചിരുന്നതായി ഇവര്‍ പറഞ്ഞു. ഇവരുടെ തൊട്ടടുത്തുള്ള രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്. 

theft

പൊന്നരാശേരി മണികണ്ഠന്‍, മനയില്‍ രഘുനാഥ് എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. മണികണ്ഠന്റെ വീടിന്റെ പുറകുവശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തു കയറിയിട്ടുണ്ട്. വീടിനകത്തെ രണ്ടു വാതിലുകള്‍ തുറന്നശേഷം അടുക്കള ഭാഗത്ത് കൂടെ രക്ഷപ്പെടുകയായിരുന്നു. 

രഘുനാഥിന്റെ വീടിനു പുറകിലെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. രണ്ടു വീടുകളില്‍നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീട്ടുകാര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
 

Tags