തൃശൂരിൽ നിന്നും വിനോദയാത്രക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ
സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഈ മാസം മൂന്നിന് രണ്ട് ദിവസത്തെ വിനോദയാത്രക്കായി പോയത്.
തൃശൂര്‍: വിനോദയാത്രക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ, ഇരുപതോളം വിദ്യാര്‍ഥികള്‍ ചികിത്സ തേടി. കോട്ടപ്പുറം സെന്റ് ആന്‍സ് സ്‌കൂളില്‍നിന്ന് വിനോദ യാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഈ മാസം മൂന്നിന് രണ്ട് ദിവസത്തെ വിനോദയാത്രക്കായി പോയത്. കൊടൈക്കനാല്‍, തേനി, കരിന്തുംപാറ എന്നിടങ്ങള്‍ കാണാനായി പത്താം ക്ലാസില്‍ പഠിക്കുന്ന നൂറ്റി എഴുപത് പേരാണ് വിനോദ യാത്രയില്‍ പങ്കെടുത്തത്.
നാലുബസുകളിലായി പോയ സംഘം ഭക്ഷണവും ക്രമീകരിച്ചാണ് യാത്ര തിരിച്ചത്. ബീഫ്, ചിക്കന്‍ തുടങ്ങിയ വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമായി നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചെ സംഘം തിരിച്ചെത്തുകയും ചെയ്തു. ഞായറാഴ്ച ഉച്ചയോടെ കുട്ടികള്‍ അസുഖം പിടിപ്പെടുകയായിരുന്നു.
വൈകീട്ട് അഞ്ചോടെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ ഓരോ വിദ്യാര്‍ഥികളും ചികിത്സക്കായി എത്തി. പതിനൊന്ന് പേരാണ് കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ മാത്രം എത്തിയത്. മറ്റുചിലര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് വിവരം. താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ ഒരു വിദ്യാര്‍ഥിയെ വിദഗ്ദ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭക്ഷണത്തില്‍നിന്നാണ് വിഷബാധയേറ്റത്.