മയക്കുമരുന്നല്ല, 'സ്‌പോര്‍ട്‌സാണ് ഞങ്ങളുടെ ലഹരി', തൃശൂര്‍ ടൈറ്റന്‍സിന്റെ സിഎസ്ആര്‍ പ്രോഗ്രാമിന് തുടക്കം

Not Drugs, 'Sports Are Our Addiction', Thrissur Titans' CSR Program Begins
Not Drugs, 'Sports Are Our Addiction', Thrissur Titans' CSR Program Begins


തൃശൂര്‍: ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുത്താനും യുവാക്കളെ ശരിയായ പാതയില്‍ നയിക്കാനും ലക്ഷ്യമിട്ട് 'സ്‌പോര്‍ട്‌സ് ഈസ് ഔവര്‍ ഹൈ’ എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ഫിന്നെസ് തൃശൂര്‍ ടൈറ്റന്‍സ് തുടക്കംകുറിച്ചു. കൊച്ചിയിലെ പ്രമുഖ ക്രിയേറ്റിവ് ഏജന്‍സിയായ പോപ്‌കോണ്‍ ക്രിയേറ്റിവ്‌സുമായി സഹകരിച്ചാണ് അവരുടെ വാര്‍ഷിക പ്രചാരണ പരിപാടിയായ 'വാട്ട് ഈസ് യോര്‍ ഹൈ'-യുടെ ഭാഗമായി തൃശൂര്‍ ടൈറ്റന്‍സ് ഈ സാമൂഹ്യ ഉദ്യമത്തിന് തുടക്കംകുറിച്ചിരിക്കുന്നത്.  


പരിപാടിയുടെ ഭാഗമായി 'സ്‌പോര്‍ട്‌സ് ഈസ് ഔവര്‍ ഹൈ’  എന്ന സന്ദേശം പകരുന്ന ചുവര്‍ച്ചിത്രരചനാ മത്സരമാണ് തൃശൂര്‍ ടൈറ്റന്‍സും പോപ്‌കോണും ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. വ്യക്തികള്‍, വിദ്യാര്‍ഥികള്‍, ഗ്രൂപ്പുകള്‍, ക്ലബ്ബുകള്‍ തുടങ്ങി കേരളത്തിലുടനീളമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.


മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട കായികവിനോദങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കാം. വരയ്ക്കാനുള്ള ചുവര് കണ്ടെത്തേണ്ടതും അതിനുള്ള അനുവാദം വാങ്ങുന്നതും പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമായിരിക്കും. ചുവരിന്റെ വലിപ്പം സംബന്ധിച്ച് നിബന്ധനകള്‍ ഇല്ല.  വാട്ട് ഈസ് യുവർ ഹൈ  വെബ്സൈറ്റില്‍ നിന്നും  3 x 3 അടി ലോഗോ പ്രിന്‍റ് ഡൌണ്‍ലോഡ് ചെയ്തെടുത്തതിനു ശേഷം അനുയോജ്യമായ    ചുവര് തിരഞ്ഞെടുക്കാവുന്നതാണ്.  3x3 അടി പ്രിന്‍റ്  ഒട്ടിക്കുക എന്ന നിയമം എല്ലാ മത്സരാര്‍ഥികളും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. 


പൂര്‍ത്തിയായ ചിത്രത്തിന്റെ ഫോട്ടോകള്‍, പങ്കെടുക്കുന്നവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിര്‍ബന്ധമായും പോസ്റ്റ് ചെയ്യേണ്ടതാണ്. ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപ എന്നിങ്ങനെയാണ് വിജയികള്‍ക്കുള്ള സമ്മാനം.   


ആരോഗ്യകരമായ ജീവിതശൈലിക്കായും സമൂഹത്തിലെ ദൂഷ്യ സ്വാധീനത്തില്‍ നിന്നും മോചിതരാകാനും എല്ലാവരെയും പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും സ്‌പോര്‍ട്‌സിന്റെ പാത സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് മയക്കുമരുന്ന് മുക്ത ലോകത്തിനായി പ്രയത്‌നിക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തൃശൂര്‍ ടൈറ്റന്‍സ് ടീം ഉടമയും ഫിന്നെസ് ഗ്രൂപ്പ് ഡയറക്ടറമായ സജ്ജാദ് സേട്ട് പറഞ്ഞു. ഇതിനായി കെസിഎല്ലിന്റെ ഈ സീസണിലാകെ കേരളത്തിലുടനീളം തൃശൂര്‍ ടൈറ്റന്‍സ് 'സ്‌പോര്‍ട്‌സ് ഈസ് ഔവര്‍ ഹൈ’  എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


സ്‌പോര്‍ട്‌സിന്റെ ബലത്തില്‍ മാനസികമായും ശാരീരികമായും കരുത്തുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് പോപ്‌കോണ്‍ ക്രിയേറ്റിവ്‌സ് കോ-ഫൌണ്ടര്‍ രതീഷ് മേനോന്‍ അഭിപ്രായപ്പെട്ടു. സമൂഹമാകെ ഏതെങ്കിലും സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുകയും ആരോഗ്യകരവും കരുത്തുറ്റതുമായ ജീവിതം കെട്ടപ്പടുക്കാന്‍ ഈ ഉദ്യമത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 


മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാനും whatsyourhigh.popkon.in എന്ന വെബ്‌സൈറ്റോ തൃശൂര്‍ ടൈറ്റന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളോ സന്ദര്‍ശിക്കുക.

Tags