ആഡംബര ബൈക്കില്‍ ബ്രാണ്ടി വില്‍പ്പന : പ്രതി അറസ്റ്റില്‍
തൃശൂര്‍: മാള-ആളൂര്‍ മേഖലയില്‍ ബൈക്കില്‍ കറങ്ങി ബ്രാണ്ടി വില്‍പ്പന നടത്തിയിരുന്നയാള്‍ അറസ്റ്റിലായി. അമ്പഴക്കാട് സ്വദേശി പുതുശ്ശേരി വീട്ടില്‍ ഷാജിയെയാണ് (41) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം.ബിനീഷ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കൊമ്പിടിഞ്ഞാമാക്കലില്‍ വച്ച് ആവശ്യക്കാരെന്ന വ്യാജേന എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. ആഡംബര ബൈക്കിലാണ് യാത്ര. രണ്ടു പഞ്ചായത്തിലായി മദ്യവില്‍പ്പനയാണ് തൊഴില്‍.
എപ്പോഴും ഓവര്‍ കോട്ടും ബാഗും ഹെല്‍മറ്റും ധരിച്ചുള്ള യാത്ര കണ്ടാല്‍ ബൈക്കില്‍ ടൂര്‍ പോകുന്ന പ്രതീതിയിലായിരുന്നു പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. ഫോണില്‍ ഒരു കോള്‍ വിളിച്ചാല്‍ ഏത് സമയത്തും പറയുന്നിടത്ത് സാധനം എത്തും. ഇങ്ങനെ കഴിഞ്ഞ ദിവസം രാത്രി ഒരു കോള്‍ വന്നിടത്തേക്ക് സാധനവുമായെത്തിയപ്പോള്‍ വാങ്ങാനെത്തിയത് മഫ്തിയിലുള്ള പോലീസുകാരായിരുന്നു. കൈയ്യോടെ പിടികൂടി. ബാഗ് പരിശോധിച്ചപ്പോള്‍ നിറയെ മദ്യക്കുപ്പികള്‍. പകല്‍ കച്ചവടം കഴിഞ്ഞു രാത്രിയിലെ കച്ചവടത്തിനിടെയാണ് പിടിയിലായത്.
പകുതി കച്ചവടം കഴിഞ്ഞുള്ളവയായിരുന്നു ബാഗിലുണ്ടായിരുന്ന ബോട്ടിലുകള്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം. എസ്.ഐ കെ.എസ്.സുബിന്ത്, സീനിയര്‍ സി.പി.ഒ മാരായ ഇ.എസ്.ജീവന്‍, പി.എ.ഡാനി, എ.വി.മുരുകദാസ്, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.