ബഡ്‌സ് ആക്ട് ലംഘനം; ആര്‍ വണ്‍ ഇന്‍ഫോ ട്രേഡിന്റെ സ്വത്ത് കണ്ടുകെട്ടും
തൃശൂര്‍: ബഡ്‌സ് ആക്ട് പ്രകാരം തൃശൂരിലെ ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്യും. ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിന്‍മേലാണ് നടപടി. 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വഞ്ചനാകുറ്റം ചെയ്‌തെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളും മണി സര്‍ക്കുലേഷന്‍ സ്‌കീമുകളും നടത്തി പൊതുജനങ്ങളില്‍നിന്ന് അമിത പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. പിന്നീട് നിക്ഷേപം തിരികെ നല്‍കിയില്ല. സ്വത്ത് കണ്ടുകെട്ടല്‍ നടപടിക്കുവേണ്ടി കോടതിയില്‍ ഹാജരാക്കുന്നതിന് സ്ഥാപനത്തിന്റെയും ഉടമകളുടെയും മറ്റു പ്രതികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മഹസര്‍, ലൊക്കേഷന്‍ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് തയാറാക്കും.
സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്ക് അടിയന്തരമായി നല്‍കും. പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ വാഹനങ്ങളുടെ പട്ടിക തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തയാറാക്കി കലക്‌ട്രേറ്റിലേക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറും. പ്രതികളുടെ പേരില്‍ വിവിധ ബാങ്കുകളിലും സ്ഥാപനങ്ങളിലും നിക്ഷേപിച്ച പണം മരവിപ്പിക്കുന്നതിന് സ്ഥാപന മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
ഉത്തരവ് നടപ്പിലാക്കാന്‍ തൃശൂര്‍ സിറ്റി, റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍, തൃശൂര്‍, ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല. ബഡ്‌സ് ആക്ട് 2019 സെക്ഷന്‍ 14 (1) പ്രകാരം താല്‍ക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് ഡെസിഗ്‌നേറ്റഡ് കോടതി മുമ്പാകെ സമയബന്ധിതമായി ഹര്‍ജി ഫയല്‍ ചെയ്യേണ്ടതിനാല്‍ കണ്ടുകെട്ടല്‍ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി കലക്‌ട്രേറ്റില്‍ ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു.