വടക്കഞ്ചേരി ദേശീയപാത സര്‍വീസ് റോഡിനടിയില്‍ മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു
തൃശ്ശൂർ: ദേശീയപാത വടക്കഞ്ചേരി മണ്ണുത്തി സര്‍വീസ് റോഡില്‍ തങ്കം എസ്.ബി.ടി ജങ്ഷനു സമീപം ഡ്രൈനേജിനും കല്‍വര്‍ട്ടിനും ഇടയില്‍ മണ്ണിടിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ജലസേചന കനാല്‍ കടന്നുപോകുന്ന ഭാഗത്ത് നിര്‍മിച്ച കള്‍വര്‍ട്ടിന്റെ വശത്തുള്ള മണ്ണാണ് ഒഴുകിപ്പോയത് കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ സര്‍വീസ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളം ഇറങ്ങിയപ്പോള്‍ മണ്ണും ഒഴുകിപോവുകയായിരുന്നു.
ടാറിങ് പാളി മാത്രമാണ് ഈ ഭാഗത്ത് നിലനില്‍ക്കുന്നത്. ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഏതു നിമിഷവും റോഡും ഇടിയുന്ന സ്ഥിതിയാണ്. ഈ ഭാഗത്തുനിന്ന് ആരംഭിക്കുന്ന പൊത്തപ്പാറ റോഡിന്റെ വശവും ഇടിഞ്ഞിട്ടുണ്ട്. ദേശീയപാത പരിപാലനം ഏറ്റെടുത്തിട്ടുള്ള കരാര്‍ കമ്പനിക്കാണ് റോഡ് ഗതാഗത യോഗ്യമാക്കി നിലനിര്‍ത്തേണ്ട ചുമതല.
കരാര്‍ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡ് സൈഡ് ആണ് ഇടിഞ്ഞിട്ടുള്ളത്. സമാനമായ രീതിയില്‍ ദേശീയപാത മംഗലം ഐ.ടി.സിക്ക് സമീപവും റോഡിലെ കല്‍വെര്‍ട്ടിന്റെ ഭാഗം ഇടിഞ്ഞു വന്‍ഗര്‍ത്തമുണ്ടായിട്ടും അത് നന്നാക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായിട്ടില്ല.