തൃശ്ശൂരിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസ് : വയോധികന് 26 വര്‍ഷം കഠിന തടവ്
rape

തൃശൂര്‍ : എട്ടു വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ വയോധികന് 26 വര്‍ഷം കഠിനതടവും 1.35 ലക്ഷം പിഴയും. എളനാട് കിഴക്കേക്കലം ചന്ദ്ര (75)നാണു പോക്‌സോ നിയമപ്രകാരം തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷ വിധിച്ചത്.

പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ഇന്ത്യന്‍ ശിക്ഷാ നിയമം 363 വകുപ്പു പ്രകാരം അഞ്ചുവര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടയ്ക്കാനും 506 വകുപ്പു പ്രകാരം ഒരുവര്‍ഷവും പതിനായിരം രൂപ പിഴയടയ്ക്കാനുമാണു വിധി പ്രഖ്യാപിച്ചത്. പിഴയടച്ചില്ലെങ്കില്‍ പത്തുമാസംകൂടി ശിക്ഷ അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്കു നല്‍കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

2018ല്‍ ആണു കേസിന് ആസ്പദമായ സംഭവം. കളിക്കാന്‍ പോയ ബാലികയെ വീട്ടിലേക്കു നിര്‍ബന്ധിച്ചുകൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. പഴയന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെകള്‍ സി. വിജയകുമാരനാണു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍ ഹാജരായി.

Share this story