തൃശ്ശൂരിൽ പത്രം വായിച്ചുകൊണ്ടിരുന്നയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് രണ്ടുവര്‍ഷം കഠിനതടവ്

google news
court

തൃശൂര്‍: ആല്‍ത്തറയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ഇഞ്ചമുടി ചെറിയ കനാല്‍  കുഞ്ഞവറു മകന്‍ റസാക്കിനെ മുന്‍വൈരാഗ്യത്താല്‍ വാളുകൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറിയകനാല്‍ കുന്നത്തുള്ളി
സന്തോഷി (47) നെയാണ് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എം.കെ. ഗണേഷ് ശിക്ഷിച്ചത്. പിഴ സംഖ്യയില്‍നിന്ന് 50,000 രൂപ പരുക്കു പറ്റിയ റസാക്കിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

2016 ഫെബ്രുവരി നാലിന് രാവിലെ 7.15 നാണ് ചേര്‍പ്പ് ഇഞ്ചമുടി ചെറിയകനാല്‍ പ്രദേശത്ത് കേസിനാസ്പദമായ സംഭവം നടന്നത്.
പരുക്കേറ്റയാളും മദ്യപിച്ചു വന്ന പ്രതിയും തമ്മില്‍ തലേന്ന് രാത്രി വാക്കുതര്‍ക്കം നടന്നിരുന്നു. രാവിലെ ആല്‍ത്തറയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന റസാക്കിനെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെവിയിലും കൈയിലും
ഗുരുതരമായി പരുക്കേറ്റ റസാക്കിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.

ചേര്‍പ്പ് എസ്.ഐ: അഭിലാഷ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത് ഗ്രേഡ് സിവില്‍ പോലീസ് ഓഫീസറായ ജോബി പോളാണ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് എട്ടു സാക്ഷികളെ വിസ്തരിച്ചു. 10 രേഖകളും തൊണ്ടിമുതലും തെളിവിലേക്കായി മാര്‍ക്ക് ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. വിവേകാനന്ദന്‍, അഭിഭാഷകരായ രചന ഡെന്നി, കെ.കെ. ശിശിര, പഞ്ചമി പ്രതാപന്‍ എന്നിവര്‍ ഹാജരായി.
 

Tags