ത്രിദിന ഗൂഗിള്‍ ബൂട്ട് ക്യാമ്പ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍
കൊച്ചി: ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് എഐ അക്കാദമി ഇന്ത്യ 2024 ന്റെത്രിദിന ബൂട്ട് ക്യാമ്പ് കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നടന്നു. കേന്ദ്ര ഇലക്ട്രോണക്‌സ് ഐടി വകുപ്പിന്റെ മൈറ്റി സ്റ്റാര്‍ട്ടപ്പ് ഹബ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങി ഏഴോളം സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബൂട്ട് ക്യാമ്പ് നടന്നത്.
ആരോഗ്യം, കാലാവസ്ഥ, കൃഷി, വിദ്യാഭ്യാസം, സാമ്പത്തിക ഉള്‍ക്കൊള്ളല്‍, സൈബര്‍ സെക്യൂരിറ്റി, പൊതു അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രശ്‌നപരിഹാരമാണ് ബൂട്ട് ക്യാമ്പില്‍ പങ്കെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കിയ വിഷയങ്ങള്‍. മാനവികതയിലൂന്നിയ നിര്‍മ്മിതബുദ്ധി പരിഹാരങ്ങള്‍ക്കായിരുന്നു മുന്‍ഗണന. ആകെ 24 സ്റ്റാര്‍ട്ടപ്പുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നര ലക്ഷം ഡോളര്‍ മൂല്യം വരെയുള്ള ക്ലൗഡ് സേവനം ഉപയോഗിക്കാനുള്ള അവസരം,
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വിഭവശേഷി, വിദഗ്‌ധോപദേശം, പരിശീലനം, വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം തുടങ്ങിയവ നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇത്തരം പദ്ധതികള്‍ക്കുള്ള വേദിയായി കേരളത്തെ തെരഞ്ഞെടുത്തത് അഭിമാനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രീസീരീസ് എ വരെയുള്ള, പ്രവര്‍ത്തന മാതൃകയുള്ള, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ബൂട്ട് ക്യാമ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളത്.
നിര്‍മ്മിത ബുദ്ധി രംഗത്തെ വിദഗ്ധര്‍ നയിക്കുന്ന പരിശീലന പരിപാടികള്‍, വ്യക്തിഗതമായ വിദഗ്‌ധോപദേശം, ഗൂഗിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുളള അവസരം,ലോകോത്തര കമ്പനികളുമായുള്ള സഹകരണം തുടങ്ങിയവ ലഭിച്ചു. സ്റ്റാര്‍ട്ട്, ബില്‍ഡ്, ഗ്രോ എന്നതായിരുന്നു ബൂട്ട് ക്യാമ്പിന്റെ പ്രമേയം.
പീപ്പിള്‍ എഐ പ്ലസ്, റെസ്‌പോണ്‍സിബിള്‍ എഐ തുടങ്ങിയ ആശയങ്ങളില്‍ ഊന്നിനിന്നു കൊണ്ട് എങ്ങിനെ മാനവികതയിലൂന്നിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാമെന്നതാണ് ത്രിദിന ക്യാമ്പില്‍ ചര്‍ച്ചയായത്. ഗൂഗിള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങിനെ എഐ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താം എന്ന കാര്യവും ചര്‍ച്ച ചെയ്തു. ജെനറേറ്റീവ് എഐ, ആപ്പ് ഡെവലപ്മന്റ്, വെബ് എഐ, എഐ അധിഷ്ഠിത മാര്‍ക്കറ്റിംഗ് ഫണ്ട് കണ്ടെത്തല്‍, കഥപറച്ചില്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നു.
കൊച്ചിയെ കൂടാതെ, ചെന്നൈ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ബംഗളുരു തുടങ്ങി ഏഴ് സ്ഥലങ്ങളിലാണ് ബൂട്ട് ക്യാമ്പ് നടക്കുന്നത്. ടിഹബ് ആന്‍ഡ് മാത്ത്, ഐഎച്എഫ്‌സി-ഐഐടി ഡല്‍ഹി, ഐഐഎം ബംഗളുരു, ഐഐടി മുംബൈ, ഐഐടി മദ്രാസ്, ഐഐഎം അഹമ്മദാബാദ്, നാസ്‌കോം എഐ, പീപ്പിള്‍ എഐ, എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്