ഡ്രോണ്‍ ക്യാമറ നിര്‍മ്മാണം: കെഎസ് യുഎമ്മിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ഫണ്ടിങ്

Drone camera manufacturing: Central Govt funding for start-up company under KS UM
Drone camera manufacturing: Central Govt funding for start-up company under KS UM


തിരുവനന്തപുരം: സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണ്‍ ക്യാമറകള്‍ നിര്‍മ്മിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന് 1.15 കോടിയുടെ കേന്ദ്രസര്‍ക്കാര്‍ ഫണ്ടിങ്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്രോയിസ് ഇന്‍ഫോടെക്കിനാണ് കേന്ദ്രവാര്‍ത്താവിനിമയ വകുപ്പിന്‍റെ ടെലികോം ടെക്നോളജി ഡെവലപ്മെന്‍റ് ഫണ്ടില്‍ നിന്ന് 1.15 കോടി ലഭിച്ചത്.

രാജ്യത്ത് ആദ്യമായാണ് സ്വകാര്യകമ്പനിക്ക് ഈ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഒരു വര്‍ഷം കൊണ്ട് സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് കരാര്‍. പ്രാഥമികഘട്ടം വിജയകരമായാല്‍ കേന്ദ്ര സഹായം അഞ്ച് കോടിവരെ ഉയരാം. അതിര്‍ത്തികളില്‍ നടക്കുന്ന നീക്കങ്ങള്‍ കൃത്യതയോടെ മനസിലാക്കാന്‍ ഇത്തരം ഡ്രോണുകള്‍ അനിവാര്യമാണ്.

രണ്ടുകിലോമീറ്റര്‍ ദൂരപരിധി വരെയുള്ള ചിത്രങ്ങള്‍, വീഡിയോ എന്നിവ എടുക്കുന്നതിനും തത്സമയം തന്നെ വിശകലനം ചെയ്ത് വിവിധ സുരക്ഷാ പ്രശ്നസാധ്യതകള്‍ കണ്ടെത്തി വ്യക്തികളുടെ മുഖം, വാഹനങ്ങളുടെ ചിത്രം നമ്പര്‍ ഉള്‍പ്പെടെ എടുത്ത്, വൈഫൈ ഹാലോ, 4 ജി/5 ജി സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തത്സമയം അത് ഡാറ്റാ സെന്‍ററില്‍ എത്തിക്കാനും സാധിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കമ്പനി സിഇഒ ടി. ജിതേഷ് പറഞ്ഞു.

രാത്രികാലങ്ങളില്‍ പോലും മനുഷ്യരുടെയും മറ്റു വസ്തുക്കളുടെയും വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറകള്‍ക്ക് സാധിക്കുമെന്നും മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജിതേഷ് വ്യക്തമാക്കി.

സാങ്കേതികവിദ്യ വികസിപ്പിച്ചുകഴിഞ്ഞാല്‍ ഇത്തരം ഡ്രോണുകളുടെ സഹായം കാര്‍ഷിക മേഖല, എമര്‍ജെന്‍സി റെസ്പോണ്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, ഫോറസ്ട്രി ആന്‍ഡ് വൈല്‍ഡ് ലൈഫ് എന്നീ മേഖലകളില്‍ പ്രയോജനപ്പെടുത്താനാകും. നിലവില്‍ ഡ്രോണ്‍ ക്യാമറകള്‍ക്ക് റിയല്‍ ടൈം അനലൈസിസ് നടത്തുവാനുള്ള സംവിധാനങ്ങളില്ല. എന്നാല്‍ പുതിയ സാങ്കേതികവിദ്യയില്‍ റിയല്‍ ടൈം അനലൈസിസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2018 ല്‍ കോഴിക്കോട് വടകര സ്വദേശി ടി. ജിതേഷ്, അനുപം ഗുപ്ത, റഗില്‍ രാഘവന്‍, ടി.ഇ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രോയിസ് ഇന്‍ഫോടെക് ആരംഭിച്ചത്. നിലവില്‍ 150 ഓളം പേര്‍ ട്രോയിസ് ഇന്‍ഫോടെക്കില്‍ ജോലി ചെയ്യുന്നുണ്ട്.
 

Tags