ദളിത് ക്രൈസ്തവരെ സർക്കാർ ദ്രോഹിക്കുന്നത് അനീതി :അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത

google news
sag


വെഞ്ഞാറുമ്മൂട്:ക്രിസ്തു മതം സ്വീകരിച്ചതിൻ്റെ പേരിൽ ദളിത് ക്രൈസ്തവ സമൂഹം കടുത്ത അവഗണന നേരിടുകയാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ സമൂഹത്തിനുണ്ടായിരുന്ന സ്കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ ഒരാന്നായി വെട്ടിക്കുറയ്ക്കുകയാണെന്നും ഈ അനീതി ഉടൻ അവസാനിപ്പിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.


 കെ സി സി യുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രക്ക് വെഞ്ഞാറുമൂട് ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ക്രൈസ്തവ വിഭാഗത്തെ എന്നും വോട്ട് ബാങ്ക് കളായി മാത്രം കണക്കാക്കരുതെന്നുംക്രൈസ്തവ സമൂഹത്തെ വഞ്ചിക്കുന്ന ഭരണാധികാരികൾ കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഒരു വർഷമായി നടപ്പാക്കത്തതിൻ്റെ കാരണമെന്താണന്ന് ഭരണ കർത്താക്കൾ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷനായി. സോൾ വിന്നിംഗ് സഭ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ മുഖ്യ സന്ദേശം നൽകി.
ജാഥാ ക്യാപ്റ്റൻ കെ സി സി ജനറൽ സെക്രട്ടറി ഡോ: പ്രകാശ് പി തോമസ്,കെ സി സി വൈസ് പ്രസിഡൻ്റ് മാരായ മേജർ ആശാ ജസ്റ്റിൻ, ഷിബി പീറ്റർ ,കെ സി സിക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, കെ സി സി സോഷ്യൽ കൺസേൺസ് കമ്മീഷൻ ചെയർമാർ റവ. അലക്സ് പി.ഉമ്മൻ എന്നിവർ സംസാരിച്ചു.ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെ സി സി ) നേതൃത്വത്തിൽ ഫെബ്രുവരി 9ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന് മുന്നോടിയായിട്ടാണ് നീതി യാത്ര നടത്തുന്നത്.

Tags