വിശപ്പു രഹിത കേരളം : കണ്ണൂരിൽ രണ്ട് സുഭിക്ഷ ഹോട്ടലുകൾ തുറന്നു
subikshakeralamkannur

വരും ദിവസങ്ങളിലായി ഒരു ലക്ഷം റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കണ്ണൂർ ജില്ലയിലെ രണ്ട് ഉൾപ്പെടെ സംസ്ഥാനത്തെ 35 സുഭിക്ഷ ഹോട്ടലുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പിലാത്തറയിലും പെരിങ്ങത്തൂരിലുമാണ് പുതിയ സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചത്. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് വിശപ്പ് രഹിത കേരളമെന്നും വീട്ടിലുണ്ടാക്കുന്ന അതേ ഭക്ഷണം ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാരനു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 20 രൂപ നൽകാനില്ലാത്തവരും പട്ടിണി കിടക്കരുത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

kannursubikshakeralam


റേഷൻ കാർഡില്ലാത്ത നിരവധി കുടുംബങ്ങളാണുണ്ടായിരുന്നത്. 172,000 ലധികം പേർ അനർഹമായ കാർഡുകൾ സർക്കാരിന് തിരിച്ചുനൽകി. ഇതിൽ 152,000 കാർഡുകൾ അർഹരായവർക്ക് വിതരണം ചെയ്തു. കേരളത്തിലെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യോൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. റേഷൻ കടകളെ നവീകരിക്കുന്നതിന്റെ ആദ്യഘട്ടമായി 1000 റേഷൻ കടകളെ ആധുനീകരിക്കും. സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടലുകൾ തുറന്നത്. കല്യാശ്ശേരി മണ്ഡലത്തിൽ പിലാത്തറ പിരക്കാം തടത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷനായി. പാപ്പിനിശ്ശേരി അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്‌സ് ടോഡി വർക്കേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്  നടത്തിപ്പ് ചുമതല. ഉപഭോക്താവിന് 20 രൂപയ്ക്ക് ഊണ് ലഭിക്കും. അഞ്ച് ജീവനക്കാരാണുള്ളത്.

ചടങ്ങിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ, ജില്ലാപഞ്ചായത്തംഗം ടി തമ്പാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം എ വി രവീന്ദ്രൻ, പയ്യന്നൂർ താലൂക്ക് സപ്ലൈ ഓഫീസർ കെ ഐ ഭാനുപ്രകാശ്, പാറ്റ്‌കോ പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണൻ, സെക്രട്ടറി എ വി രതി എന്നിവവർ സംസാരിച്ചു.കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ സുഭിക്ഷാ ഹോട്ടൽ പെരിങ്ങത്തൂരിലാണ് പ്രവർത്തനമാരംഭിച്ചത്. പെരിങ്ങത്തൂർ പുല്ലൂക്കര സുഭിക്ഷ ഹോട്ടൽ പരിസരത്ത് നടന്ന ചടങ്ങിൽകെ പി മോഹനൻ എം എൽ എ അദ്ധ്യക്ഷനായി. പാനൂർ നഗരസഭയ്ക്ക് കീഴിലെ നിലവിളക്ക് കുടുംബശ്രീയിലെ അഞ്ച് വനിതകൾക്കാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. പാനൂർ നഗരസഭാധ്യക്ഷൻ വി നാസർ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷരായ ഉമൈസ തിരുവമ്പാടി, ടി കെ ഹനീഫ, നഗരസഭാ വാർഡ് അംഗം എം പി കെ അയൂബ്, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ എൽ ശോഭ എന്നിവർ സംസാരിച്ചു.

Share this story