ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി

കോട്ടയം: മണ്ണക്കനാട് ഹോളിക്രോസ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ കൃഷി ചെയ്ത ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമാണ് കൃഷി. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു.
കൃഷി ഭവനിൽ നിന്നു നൽകിയ വിത്തുപയോഗിച്ച് 25 വീതം ചട്ടികളിൽ കോളിഫ്ളവർ, ക്യാരറ്റ്, ബീറ്റ് റൂട്ട്, ക്യാബേജ് എന്നിവയാണ് നട്ടത്. കോളിഫ്ളവറിന്റെ വിളവെടുപ്പാണ് നടന്നത്. കൃഷിക്ക് നേതൃത്വം നൽകിയ മേരി കുമ്പളോലി, സിസ്റ്റർ റാണി ജോ എന്നിവരെ ഉഴവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു കെ മാത്യു, കൃഷി ഓഫീസർ പാർവതി അർ എന്നിവർ ചേർന്ന് ആദരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ സാബു ജോർജ്, കൃഷി വകുപ്പ് ജീവനക്കാരായ സനു ജി അമ്പാട്ട്, റിറ്റി ജോസഫ്, സ്കൂൾ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.