ഇച്ഛാശക്തിയുടെയും കർത്തവ്യ ബോധത്തിന്റെയും മാതൃകയാണ് സംസ്ഥാന സർക്കാർ: മന്ത്രി അഹമ്മദ് ദേവർകോവിൽ

Minister Ahamed Devarkovil

അസാധ്യമെന്ന് കരുതിയ പദ്ധതികൾ പ്രാവർത്തികമാക്കിയ ഇച്ഛാശക്തിയുടെയും കർത്തവ്യ ബോധത്തിന്റെയും മാതൃകയാണ് സംസ്ഥാന ഗവൺമെന്റെന്ന് തുറമുഖ, പുരാവസ്തു -പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. വിഴിഞ്ഞത്ത് നടന്ന കോവളം മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കോവിഡ്, പ്രളയ ദുരന്തങ്ങളെയടക്കം അതിജീവിച്ചവരാണ് നാം. അസാധ്യമെന്ന ചിന്തയില്ലാത്തതിന്റെ മികച്ച മാതൃകയാണ് വിഴിഞ്ഞം തുറമുഖം, ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ കൊച്ചി പവർ ഗ്രിഡ് എന്നീ വികസന പദ്ധതികളുടെ പൂർത്തീകരണം.

 വിഴിഞ്ഞത്തെ ജനങ്ങൾക്ക് സഹായകരമാകുന്ന പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ചില കോണുകളിൽ നടന്നു. എന്നാൽ അതിനെ അതിജീവിച്ച് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ടി യു കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്ത് കഴിയും. പാറയുടെ ലഭ്യതയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ തമിഴ്‌നാട് സർക്കാരുമായി സഹകരിച്ചുകൊണ്ട് ഗവൺമെന്റ് തരണം ചെയ്തു. ദൈനംദിന അവലോകന യോഗങ്ങളും, കലണ്ടർ അധിഷ്ഠിത പ്രവർത്തനങ്ങളുമായാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തെ സർക്കാർ ഏകോപിപ്പിച്ചത്.

2,960 മീറ്റർ പുലിമുട്ട് നിർമാണം നിലവിൽ പൂർത്തിയാക്കി വിഴിഞ്ഞം ബാലരാമപുരം റയിൽ അനുമതി, ലോജിസ്റ്റിക്‌സ് മേഖലയിൽ 2000 പ്രദേശവാസികൾക്ക് നേരിട്ട് ജോലി നൽകുന്നതിനുള്ള പരിശീലനത്തിനായി 80 കോടി രൂപ ചെലവിൽ അസാപ്പ് തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രത്തിന്റെ നിർമാണം എന്നിവ പൂർത്തിയാക്കി. ബേപ്പൂർ, കൊല്ലം, അഴീക്കൽ വിഴിഞ്ഞം  തുറമുഖങ്ങൾക്ക് ഐ എസ് പി എസ് കോഡ് ലഭിക്കുന്നതോടെ ചരക്ക് കപ്പലുകൾക്കൊപ്പം യാത്രാ കപ്പലുകൾക്കും എത്തിച്ചേരാൻ കഴിയും. അറേബ്യൻ രാജ്യങ്ങളിൽ നിന്നും  കേരളത്തിലേക്ക് യാത്ര നടത്തുന്നതിന് വിവിധ ഷിപ്പിംഗ് കമ്പനികൾ താൽപര്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെയടിസ്ഥാനമാക്കി പ്രോഗ്രസ് കാർഡവതരിപ്പിച്ച ഗവൺമെന്റാണിത്. സോഷ്യൽ ഓഡിറ്റിന് വിധേയമായി വികസന ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സർക്കാരിനുള്ള അംഗീകാരമാണ് നവകേരള സദസ്സിലേക്കൊഴുകിയെത്തുന്ന പതിനായിരങ്ങളെന്നും മന്ത്രി പറഞ്ഞു.

Tags