ജിടെക് മാരത്തണിന് മുന്നോടിയായി ടെക്നോപാര്‍ക്കില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു

google news
ag

തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്‍റെ (ജിടെക്) ആഭിമുഖ്യത്തില്‍ ടെക്നോപാര്‍ക്കില്‍ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'നോ ടു ഡ്രഗ്സ്' പ്രചാരണത്തിന്‍റെ ഭാഗമായി ഫെബ്രുവരി 11 ന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മാരത്തണായ ജിടെക് മാരത്തണിന് മുന്നോടിയായാണ് പ്രൊമോ ഇവന്‍റ് സംഘടിപ്പിച്ചത്.

അഞ്ച് കിലോമീറ്റര്‍ മാരത്തണ്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ഐടി കമ്പനികളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍മാരും നൂറിലധികം ടെക്കികളും മിനി മാരത്തണില്‍ പങ്കാളികളായി. ഫ്ളാഷ് മോബ്, ബൈക്ക് റാലി, ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് എന്നിവയ് ക്കൊപ്പം ആയിരത്തിലധികം ഐടി പ്രൊഫഷണലുകള്‍ അണിനിരക്കുന്ന ജിടെക് മാരത്തണിന് മുന്നോടിയായുള്ള ആദ്യ പ്രൊമോ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നു.

മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന 'നോ ടു ഡ്രഗ്സ്' പ്രചാരണ പരിപാടി വന്‍ വിജയമാണെന്ന് ടെക്നോപാര്‍ക്കിന്‍റെ മേധാവിയായി ജനുവരി 12 ന് ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. പ്രചാരണത്തിന്‍റെ ആദ്യ പതിപ്പ് കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ചിരുന്നു. രണ്ടാം പതിപ്പ് ഫെബ്രുവരിയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടക്കും. ഫിറ്റ്നസിലും സാമൂഹിക വിഷയങ്ങളിലും ഐടി പാര്‍ക്കുകളിലെ ടെക്കി സമൂഹത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തെയും ദൂഷ്യവശങ്ങളെയും പറ്റി പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യമെന്ന് ജിടെക് ചെയര്‍മാന്‍ വി.കെ മാത്യൂസ് പറഞ്ഞു. ചിന്തിക്കാന്‍ കഴിയുന്നതിലധികം വിപത്താണ് ലഹരി നിമിത്തം ഉണ്ടാകുന്നത്. 'നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നെസ്' എന്ന ഉറച്ച സന്ദേശവുമായി പ്രതിബദ്ധതയുള്ള സമൂഹം മുന്നോട്ട് വരേണ്ടത് വളരെ പ്രധാനമാണ്. കേരളത്തെ ലഹരി വിമുക്തമാക്കുന്നതിനുള്ള ജനകീയ മുന്നേറ്റമായി ഇത്തരം പ്രചാരണ പരിപാടികളെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ജിടെക് സെക്രട്ടറിയും റ്റാറ്റാ എല്‍എക്സ്ഐ മേധാവിയുമായ വി. ശ്രീകുമാര്‍, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റും എംഡിയുമായ ഹരിപ്രസാദ്, എസ്ബിഐ ബ്രാഞ്ച് മാനേജര്‍ അനീഷ്, നടാനയിലെയും ജിടെക്കിലെയും അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജിടെക് മാരത്തണില്‍ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കും.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.gtechmarathon.com സന്ദര്‍ശിക്കുക..

സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകളടക്കം 300 ലധികം ഐടി കമ്പനികള്‍ ജിടെക്കില്‍ അംഗങ്ങളാണ്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്‍റ്, ഐബിഎസ് സോഫ്റ്റ് വെയര്‍, യുഎസ്ടി, ഇവൈ, റ്റാറ്റാ എല്‍എക്സ്ഐ തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇതിലുള്‍പ്പെടുന്നു.

Tags