ഇന്ത്യയിലെ ഒരു പൗരന്റെ ജീവിതവും സാമൂഹിക പദവിയും നിശ്ചയിക്കാനുള്ള അധികാരം ആർ.എസ്.എസിന് ആരും നൽകിയിട്ടില്ല : സുരേന്ദ്രൻ കരിപ്പുഴ

uytgfdx

മലപ്പുറം : ഭരണഘടനാപരമായ തുല്യതയും സമത്വവും ഉറപ്പുനൽകിയ ഒരു രാജ്യമാണ് ഇന്ത്യ. അതിനു മുകളിൽ കയറി ഉടമസ്ഥത ചമയാൻ RSS ശ്രമിച്ചാൽ അത് അംഗീകരിക്കില്ല. മനുഷ്യന്റെ അഭിമാനത്തിനും അന്തസ്സിനും ഉയർന്ന സ്ഥാനം നൽകിയ ഭരണഘടനയാണ് ഇന്ത്യയുടെത്. അത് അംഗീകരിക്കാത്ത ഏക കൂട്ടർ സംഘ്പരിവാർ മാത്രമാണ്. സവർണ്ണ ബോധത്തിൽ ജീവിക്കുകയും മനുഷ്യരെ കീഴാളരായി കാണുകയും ചെയ്യുന്ന വികൃത മനോഭാവം കൊണ്ടുനടക്കുന്നവരാണ് സംഘ്പരിവാർ. രാജ്യ സ്വാതന്ത്ര്യത്തേക്കാൾ സവർണ്ണ വംശീയ മേധാവിത്വത്തിന് പ്രാധാന്യം നൽകിയത് കൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കാൻ ആർ.എസ്.എസിന്റെ മുൻഗാമികൾ തയ്യാറായത്.

മുസ്ലിങ്ങൾ രാഷ്ട്രീയ അവകാശങ്ങൾ ഉപേക്ഷിച്ച് അപമാനകരമായ ജീവിതം നയിച്ചാൽ കഴിഞ്ഞു പോകാം എന്ന ഔദാര്യഭാഷയിലാണ് മോഹൻ ഭഗവത് സംസാരിക്കുന്നത്. രാജ്യത്തിന്റെ അട്ടിപ്പേർ അവകാശം ആർ.എസ്.എസിന്റെ കൈയിലാണെന്ന വികല ചിന്തയാണ് സംഘ്പരിവാറിനെ നയിക്കുന്നത്. മുസ്ലീങ്ങളുടെ എല്ലാത്തരം അവകാശങ്ങളും റദ്ദ് ചെയ്യുമെന്ന പ്രവീൺ തൊഗാഡിയയുടെ പ്രഖ്യാപനവും ഇതോടു ചേർത്തു തന്നെ വായിക്കേണ്ടതാണ്. ഭരണഘടന നിർമ്മാണ സഭ തള്ളിക്കളഞ്ഞ ഹിന്ദുസ്ഥാൻ എന്ന പ്രയോഗം ആവർത്തിച്ചു പ്രഖ്യാപിച്ച് രാജ്യത്തിന്റെ മേധാവിത്വം നേടിയെടുക്കാനാണ് ആർ.എസ്.എസ് മേധാവി അഹന്ത നിറഞ്ഞ പ്രഖ്യാപനം നടത്തുന്നത്.

ഇത്തരത്തിൽ രാജ്യത്ത് കലാപം സൃഷ്ടിച്ച് ന്യൂനപക്ഷ സമൂഹങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിനെതിരെയും ഭൂരിപക്ഷ ഏകീകരണം സൃഷ്ടിച്ചു അധികാര തുടർച്ചയും വംശീയ രാഷ്ട്ര നിർമ്മിതിയും സാധ്യമാക്കാനുള്ള അപകടകരമായ ശ്രമത്തിനെതിരെയും അതിശക്തമായ രാഷ്ട്രീയ സമരത്തിന് ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഒരു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. പറമ്പിൽ പീടികയിൽ CP ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വെൽഫെയർ പാർട്ടി മേഖല നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ കരിപ്പുഴ. ജില്ലാ ജനറൽ സെക്രട്ടറി
സഫീർ ഷാ കെ.വി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്, സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ, ജില്ലാ പ്രസിഡന്റ്‌ നാസർ കീഴ്പറമ്പ്, ജംഷീൽ അബൂബക്കർ, നൗഷാദ് ചുള്ളിയൻ, ബന്ന മുതുവല്ലൂര്‍, കെ ടി അസീസ് എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലയിൽ നാലു മേഖലയായിട്ടാണ് നേതൃത്വ സംഗമം നടക്കുന്നത്.

Share this story