വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കുടുംബാംഗങ്ങള്‍ തയാറാവണം: അഡ്വ. പി. സതീദേവി

google news
fd

വീടുകള്‍ക്കകത്ത് വയോജനങ്ങളോട് സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുമുള്ള മാനസികാവസ്ഥ കുടുംബാംഗങ്ങള്‍ക്ക് ഇല്ലെന്നത് ഗൗരവമേറിയ പ്രശ്‌നമായി മാറുകയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടത്തിയ രണ്ടു ദിവസത്തെ തിരുവനന്തപുരം ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
വയോജനങ്ങളെ എങ്ങനെയാണ് വീട്ടില്‍ പരിചരിക്കേണ്ടതെന്ന് ധാരണയില്ലാത്ത സമൂഹമായി മാറുകയാണ്. കുടുംബാംഗങ്ങളില്‍ നിന്നുള്ള പരിഗണന പ്രായമുള്ളവര്‍ ആഗ്രഹിക്കുന്നുണ്ട്. മക്കള്‍ സംരക്ഷിക്കാമെന്ന് പറയുന്നുണ്ടെങ്കിലും തങ്ങളെ സ്‌നേഹിക്കാനും സംസാരിക്കാനും തയാറാകാത്തവരോടൊപ്പം ജീവിക്കാനുള്ള മാനസികാവസ്ഥയല്ല പ്രായമുള്ള അമ്മമാര്‍ക്കുള്ളത്. വയോജനങ്ങളുടെ ഈ പ്രശ്‌നം കേരളീയ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. പകല്‍ വീടുകള്‍ എന്ന ആശയം കേരളത്തില്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അമ്മമാരെ പകല്‍സമയത്ത് പരിചരിക്കുന്നതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പകല്‍ വീട് സംവിധാനം ഉണ്ടാകണം. ഇവിടെ പ്രായമുള്ള അമ്മമാര്‍ക്ക് മാനസിക ഉല്ലാസത്തിന് ഉതകുന്ന സാഹചര്യമുണ്ടാകും. പകല്‍വീടുകളില്‍ വൃദ്ധരായ സ്ത്രീകളുടെ പരിചരണവും മാനസിക ഉല്ലാസത്തിനുള്ള സംവിധാനവും ഒരുക്കുന്നത് ഉചിതമായിരിക്കും.
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള നിയമം നിലവിലുണ്ട്. ഈ നിയമപ്രകാരം ആര്‍ഡിഒ കോടതിയിലെത്തിയ പരാതിയില്‍ മക്കളോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ള കേസുകളില്‍ പോലും അമ്മമാരെ പരിരക്ഷിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകുന്നില്ല. ആര്‍ഡിഒ കോടതിയില്‍ തീര്‍പ്പായതിനു ശേഷം വീണ്ടും അമ്മമാര്‍ക്ക് വനിതാ കമ്മിഷനില്‍ അഭയം തേടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രണ്ടു ദിവസത്തെ സിറ്റിംഗില്‍ വനിതാ കമ്മിഷന്റെ പരിഗണനയ്ക്ക് എത്തി. ഒരു കേസില്‍ മക്കളെ എല്ലാവരേയും വിളിച്ചു ചേര്‍ത്ത് അവരുടെ തീരുമാന പ്രകാരം അമ്മയുടെ സംരക്ഷണം ഒരു മകന് നല്‍കിയിരുന്നു. എന്നാല്‍, തനിക്ക് മക്കളുടെ സംരക്ഷണം വേണ്ടെന്നും ഏതെങ്കിലും വൃദ്ധ സദനത്തിലേക്ക് തന്നെ അയയ്ക്കണമെന്നും വനിതാ കമ്മിഷനു മുന്‍പാകെ അമ്മ ആവശ്യപ്പെട്ടു. തന്നോടു സംസാരിക്കാന്‍ ആരും തയാറാകുന്നില്ലെന്നും വീടിനകത്ത് ഒരു സന്തോഷവും തനിക്കില്ലെന്നുമാണ് വേദനയോടെ ഈ അമ്മ പറയുന്നത്.
തൊഴിലിടങ്ങളിലുള്ള പീഡനങ്ങള്‍ തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനം പല ഇടങ്ങളിലും ഇല്ല. തൊഴിലിടങ്ങളിലെ ഇത്തരത്തിലുള്ള പരാതികളും അദാലത്തില്‍ പരിഗണനയ്ക്ക് എത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അകത്ത് അധ്യാപികമാര്‍ക്ക് പരാതിപ്പെടാനുള്ള സംവിധാനമില്ല. വനിതാ കമ്മിഷനു മുന്‍പാകെ പരാതി എത്തിക്കഴിയുമ്പോള്‍ മാത്രമാണ് പരാതി പരിഹാര സംവിധാനമില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ സമ്മതിക്കുന്നത്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം യാതൊരു കാരണവുമില്ലാതെ, ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചു വിടുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെട്ടു. ചെയ്ത ജോലിക്കുള്ള കൂലി പോലും നല്‍കാനുള്ള മനോഭാവം പോലും സ്‌കൂള്‍ അധികൃതര്‍ക്കില്ല. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. തൊഴിലിടങ്ങളിലുള്ള ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അകത്ത് സംവിധാനമുണ്ടാകണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് വനിതാ കമ്മിഷനു മുന്‍പാകെ ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുന്നത്. രണ്ടു ദിവസമായി നടന്ന തിരുവനന്തപുരം ജില്ലാതല അദാലത്തില്‍ ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഏറ്റവും കൂടുതല്‍ പരാതികളായി ലഭിച്ചത്. ഇതിനു പുറമേ വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള പരാതികളും ലഭിച്ചു. വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയും വളരെ കൂടുതലായുണ്ട്.
നിഷ്ഠൂരമായ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നുണ്ട്. ശാരീരിക പീഡനം ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ പല കേസുകളിലും ഉണ്ടായിട്ടുണ്ട്. ഇത്തരം പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ ചെന്നാലും കുടുംബ ബന്ധങ്ങള്‍ എന്ന നിലയില്‍ ഒത്തു തീര്‍പ്പായി പോകുന്നുവെന്ന അവസ്ഥയാണ് കാണുന്നത്. ഭാര്യയെ തല്ലുന്നതിനുള്ള അവകാശമുണ്ടെന്നു ധരിക്കുന്ന അവസ്ഥ ഇപ്പോഴും പുരുഷന്മാര്‍ പുലര്‍ത്തുന്നുവെന്നത് വളരെ വിചിത്രമാണ്.
വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കൊപ്പം വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ കേസുകള്‍ തീര്‍പ്പാക്കി. ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഐ ജോസ് കുര്യന്‍, എസ്‌ഐ അനിത റാണി, അഭിഭാഷകരായ സോണിയ സ്റ്റീഫന്‍, രജിത റാണി, എസ്. സിന്ധു, സൂര്യ, സരിത, കൗണ്‍സിലര്‍ ശോഭ എന്നിവര്‍ പങ്കെടുത്തു.
രണ്ടു ദിവസമായി നടത്തിയ തിരുവനന്തപുരം ജില്ലാതല അദാലത്തില്‍ ആകെ 400 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 80 കേസുകള്‍ തീര്‍പ്പാക്കി. ഒന്‍പതു കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. മൂന്നു കേസുകള്‍ കൗണ്‍സിലിംഗിനായി അയച്ചു. 308 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
 

Tags