സംരഭകമോഹികളെ, ഡി.പി.ആർ ക്ലിനിക്കിലേക്ക് വരൂ

google news
hgk

കോട്ടയം: പുതിയ സംരഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കായി വിശദപദ്ധതിരൂപരേഖ (ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപ്പോർട്ട്) തയാറാക്കാൻ സഹായിക്കുന്ന ഡി.പി. ആർ ക്ലിനിക്കുമായി വ്യവസായ വകുപ്പ്. പുതിയ സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഡി.പി.ആർ തയ്യാറാക്കാനാണു വ്യവസായ വകുപ്പ് സഹായം നൽകുന്നത്. കോട്ടയം നാഗമ്പടം മൈതാനത്ത്  സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലാണ് വ്യവസായ വകുപ്പ് ഡി.പി.ആർ. ക്ലിനിക്ക് ഒരുക്കിയിരിക്കുന്നത്.

  ഇവിടെയെത്തി   ചെയ്യാനാഗ്രഹിക്കുന്ന പദ്ധതിയുടെ ആശയവും വിശദ വിവരങ്ങളും നൽകിയാൽ വ്യവസായ വകുപ്പിലെ  ഉദ്യോഗസ്ഥർ ഡീറ്റയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകും. ഇങ്ങനെ തയ്യാറാക്കുന്ന ഡി.പി.ആർ വായ്പ നൽകുന്ന ബാങ്കുകളിലേക്ക് നൽകുകയും സംരഭകർക്ക് സംരംഭം തുടങ്ങാനാവശ്യമായ മൂലധനം ബാങ്കുകളിൽനിന്ന് ലഭിക്കുകയും ചെയ്യുന്നു. ജില്ലാ വ്യവസായ കേന്ദ്രവും താലൂക്ക് വ്യവസായ  ഓഫീസുകളും ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വ്യവസായ വികസന ഓഫീസർമാമാരും സംരംഭകർക്ക് സഹായത്തിനായുണ്ട്. ഇതിനുപുറമേ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സംരഭകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനായി ഇന്റേർണുകളും ഉണ്ട്.

ഡി.പി.ആർ ക്ലിനിക്കിന് പുറമേ മേളയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽബിസിനസ്സ് ടു ബിസിനസ്സ് എന്ന ആശയം മുൻ നിർത്തി ബി ടു ബി ഏരിയയും ഒരുക്കിയിട്ടുണ്ട്. സംരംഭകർക്ക് തങ്ങളുടെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കാനും ഓർഡറുകൾ സ്വീകരിക്കുവാനും അവസരമൊരുക്കുകയാണ് ബി ടു ബി ഏരിയ .

ഡി പി ആർ ക്ലിനിക്കിലെത്തുന്നവർക്ക് സാമ്പത്തിക സഹായമേകാനായി വിവിധ വായ്പാ പദ്ധതികളുമായി ലീഡ് ബാങ്കും കേരള ഫിനാൻഷ്യൽ കോർപ്പറേഷനും, കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷനും മേളയിൽ ഉണ്ട്.
 

Tags