ബഹുഭാഷാ സമ്മേളനം സമകാലിക രാഷ്ട്രീയത്തോടുള്ള കാവ്യാത്മക പ്രതികരണം : കെ.പി രാമനുണ്ണി

google news
jhgfdsdf

സമകാലിക രാഷ്ട്രീയ അവസ്ഥയോടുള്ള ഏറ്റവും കാവ്യാത്മകവും അർത്ഥവത്തുമായിട്ടുള്ള പ്രതികരണമാണ് ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനമെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. കേരള സാഹിത്യ അക്കാദമി, മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുഭാഷാ എന്നാൽ ബഹുസംസ്കാരം എന്നാണ് .

ഭാഷയാണ് സംസ്കാരത്തെ സംവഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉപാധി. ഇത്രയധികം ഭാഷകൾ കാസർകോട് സഹവസിക്കുന്നുണ്ടെങ്കിൽ, വ്യത്യസ്തതകളെ അംഗീകരിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ബഹുസ്വരമായ സഹജീവനത്തിന്റെ നാടാണ് എന്നാണർത്ഥമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഭാഷകളെ ശത്രു സ്ഥാനത്ത് നിർത്തുകയും അതെല്ലാം മോശമാണെന്ന നിലയ്ക്ക് സമീപിക്കുകയും ചെയ്യുന്നത് സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണ്. സാമ്രാജ്യത്വം ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ഭാഷകൾ പരസ്പരം ശത്രുക്കളാവുന്നത്. ഏക ഭാഷയിലേക്കും ഏക സംസ്കാരത്തിലേക്കുമുള്ള നീക്കം ഇന്ത്യൻ ബഹുസ്വരതയുടെ കടയ്ക്കൽ കത്തി വെക്കുന്നതിലേക്ക് നയിക്കും. 

ഒരേ സമയം ശ്രീകൃഷ്ണചരിതവും ബുദ്ധന്റെ അവസാന നാളുകളും ക്രിസ്തുവിന്റെ അവസാന നാളുകളും എഴുതിയ രാഷ്ട്ര കവി ഗോവിന്ദ പൈ കാസർകോടിന്റെ മുഴുവൻ സംസ്കാരവും സ്വാംശീകരിച്ച അനശ്വരകവിയാണെന്നും കെ.പി.രാമനുണ്ണി പറഞ്ഞു. പി.വിനയകുമാർ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ പാടി സ്വാഗതവും വിജയകുമാർ പാവള നന്ദിയും പറഞ്ഞു. 
തുടർന്ന് ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും കോഴിക്കോട് സങ്കീർത്തനയുടെ നാടകം വേട്ടയും അരങ്ങേറി.

Tags