ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യം: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ytrdesx

പത്തനംതിട്ട : ലിംഗപദവി കൈവരിക്കാന്‍ സ്ത്രീ പുരുഷ സമത്വം ആവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വനിത സംരക്ഷണ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലിംഗപദവി സമത്വം സംബന്ധിച്ച ജില്ലാതല ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗ സമത്വം ഒരു പൊതു സാഹചര്യത്തിന്റെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നില നില്‍ക്കുന്ന തെറ്റായ പ്രവണതകളെയും, കാഴ്ചപ്പാടുകളെയും മാറ്റാന്‍ കൃത്യമായ ബോധവത്ക്കരണ പരിപാടികള്‍ ആവശ്യമാണ്. പുരുഷമേധാവിത്വ സമൂഹമെന്ന ചിന്ത സ്ത്രീകള്‍ തന്നെ വാര്‍ത്തുടയ്ക്കേണ്ടതുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തകരുടെയും, മത സാമുദായിക സംഘടനകളുടെയും, ഉദ്യോഗസ്ഥരുടെയും  കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ലിംഗ സമത്വം ഉറപ്പിക്കാനാകു. ലിംഗ സമത്വം, സ്ത്രീ പുരുഷ സമത്വം കൈവരിക്കുക, സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുക, ശൈശവ വിവാഹം നിര്‍ത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ ആവശ്യമായ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും ആശയ പ്രചാരണം നടന്നു വരുന്നുണ്ട്.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് സമൂഹം മനസിലാക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്ര ബോധത്തിലൂടെയും, വിദ്യാഭ്യാസത്തിലൂടെയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകളെ മാറ്റിയെടുക്കാന്‍ സാധിക്കൂവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സ്ത്രീ അബലയെന്ന ചിന്താഗതി മാറ്റി അവര്‍ക്ക് മുന്നിലുള്ള സാധ്യതകളെ തുറന്നുകൊടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യസന്ദേശം നല്‍കിയ ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്‌ക്കോപ്പ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെയും  കൃത്യമായ ബോധവത്കരണ പരിപാടികളിലൂടെയും മാത്രമേ ശൈശവ വിവാഹവും, ലിംഗ അസമത്വവും പോലുള്ള തെറ്റായ പ്രവണതകളെയും, അനാചാരങ്ങളെയും തുടച്ചു മാറ്റാനാകു എന്നും അതിനായി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

18 വയസില്‍ താഴെയുള്ള പെണ്‍ക്കുട്ടികളുടെ വിവാഹം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ ആര്‍ക്കു വേണമെങ്കിലും ശിശു വികസന പദ്ധതി ഓഫീസറെയോ ജില്ലാ വനിതാ ശിശു വികസന ഓഫീസറെയോ അറിയിക്കാം. വിവരം കൈമാറുന്നവര്‍ക്ക് 2500 രൂപ പാരിതോഷികമായി നല്‍കുന്ന പദ്ധതിയായ പൊന്‍വാക്കിനെക്കുറിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ. നിസാ വിശദീകരിച്ചു.  

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. പേരൂര്‍ സുനില്‍ ശൈശവ വിവാഹം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ക്ലാസ് നയിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറി എ. അബ്ദുള്‍ നജീബ്, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് സി.ബി. സുരേഷ് കുമാര്‍, ഊരു മൂപ്പന്‍ വി.കെ. നാരായണന്‍ അട്ടത്തോട്,  കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.എസ്. ശശികുമാര്‍, കോഴഞ്ചേരി ഗവ.മഹിളാ മന്ദിരം സൂപ്രണ്ട് പി.എന്‍. രാജലക്ഷമി, എം. ഫൗസി മോള്‍ എന്നിവര്‍ പങ്കെടുത്തു.

Share this story