ഭാവിയിലെ തൊഴിലവസരവും നൈപുണ്യവും രൂപപ്പെടുത്തുന്നതില്‍ എഐയുടെ പങ്ക് നിര്‍ണായകം: കോണ്‍ക്ലേവ്

AI's Role in Shaping Future Employment and Skills Critical: Conclave
AI's Role in Shaping Future Employment and Skills Critical: Conclave

തിരുവനന്തപുരം: ഭാവിയിലെ തൊഴിലവസരവും നൈപുണ്യവും രൂപപ്പെടുത്തുന്നതില്‍ നൂതന സാങ്കേതികവിദ്യകളായ എഐ, ജനറേറ്റീവ് എഐ എന്നിവയുടെ പങ്ക് നിര്‍ണായകമാണെന്ന് ഐസിടി അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന കോണ്‍ക്ലോവ് കെ.ഡിസ്‌ക്  മെമ്പര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ പുതിയ സംരംഭങ്ങള്‍ ഈ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി കേരളത്തെ മുന്നോട്ട് നയിക്കുമെന്ന് ഡോ. പി.വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യകളായ എഐ, ക്ലൗഡ് കംപ്യൂട്ടിങ്, ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നതിലൂടെ പഠിതാക്കളുടെ ആവശ്യത്തിന് അനുസൃതമായി യോജ്യമായ പഠന അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്ന് റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റം സി.ഇ.ഒ ദീപ സരോജമ്മാള്‍ അഭിപ്രായപ്പെട്ടു.

ഐ.സി.ടി അക്കാദമി ഓഫ് കേരള സി.ഇ.ഒ. മുരളീധരന്‍ മന്നിങ്കല്‍, ലഫ്റ്റനന്റ് ലക്ഷയ് സിംഗ് (ഹെഡ്, പബ്ലിക് പോളിസി ആന്‍ഡ് ഗവണ്‍മെന്റ് അഫയേഴ്‌സ്, അണ്‍സ്റ്റോപ്പ്), ഐ.സി.ടി അക്കാദമി ഓഫ് കേരള റീ ടെയില്‍ ഓപ്പറേഷന്‍ ഹെഡ് ശ്രീകുമാര്‍ കെ.വി, ഐസിടിഎകെ റീജിയണല്‍ മാനേജര്‍ ദീപ വി.റ്റി എന്നിവര്‍  സംസാരിച്ചു. കോണ്‍ക്ലേവിന്റെ ഭാഗമായി 'അണ്‍ലോക്കിങ് ദി പവര്‍  ഓഫ് എല്‍.എല്‍.എം എന്ന വിഷയത്തെ ആസ്പദമാക്കി  ഐബിഎം സോഫ്റ്റ്വെയറിന്റെ    പ്രത്യേക വര്‍ക്ക്ഷോപ്പ്  നടന്നു. ചടങ്ങില്‍  ബെസ്റ്റ് മെമ്പര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പുരസ്‌കാരം എന്‍ജിനീയറിങ് വിഭാഗത്തില്‍ നാലാഞ്ചിറ മാര്‍ ബസേലിയസ് കോളേജ് ഓഫ്   എഞ്ചിനീയറിംഗ്, പോളിടെക്‌നിക്ക്  വിഭാഗത്തില്‍ പാലാ  ഗവര്‍മെന്റ്  പോളീടെക്‌നിക്  കോളേജ്, ആര്‍ട്‌സ്  & സയന്‍സ് വിഭാഗത്തില്‍  കോട്ടയം  ബിഷപ് സ്പീച്‌ലി കോളേജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസ് എന്നിവര്‍ക്ക് സമ്മാനിച്ചു. മികച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ നോളജ് ഓഫീസര്‍ പുരസ്‌കാരം  കോളജിലെ അസി. പ്രൊഫ. ധന്യ എല്‍.കെ(മാര്‍ ബസേലിയസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി,നാലാഞ്ചിറ)യ്ക്കും തെക്കന്‍ മേഖലയിലെ മികച്ച ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനും സമ്മാനിച്ചു.

Tags