മദ്യലഹരിയിൽ തലശേരി നഗരത്തിൽ അഴിഞ്ഞാടിയ റസീന റിമാൻഡിൽ

google news
razeena

കണ്ണൂർ:മദ്യലഹരിയിൽ തലശേരി നഗരത്തിൽ രണ്ടു മണിക്കൂർ അഴി ഞ്ഞാടുകയും പൊലിസിനെ ഉൾപ്പെടെ പത്തോളം പേരെ അക്രമിക്കുകയും ചെയ്ത വടക്കുമ്പാട് കുളി ബസറിലെ കല്യാണം വീട്ടിൽ റസീനയെ (32)  തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്   കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. ക്രിസ്തുമസിന്റെ തലേ ദിവസം  രാത്രി പതിനൊന്നര മണിയോടെ തന്റെ കാറിൽ തലശേരി കീഴന്തി മുക്കിലെത്തിയ റസീന തന്റെ കാർ റോഡിൽ വഴി മുടക്കിയിട്ടു പരാക്രമം കാണിക്കുകയായിരുന്നു.


വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ടൗൺ എസ്.ഐ വി.വി ദീപ്തിയുടെ നേതൃത്വത്തിൽ ഇവരെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.ഇതിനെ തുടർന്നാണ് പൊലിസിനെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടയൽ , ഗതാഗതം തടസപ്പെടുത്തൽ യാത്രക്കാരെ അക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവരെ അറസ്റ്റു ചെയ്തത്.

ഏറെ തിരക്കേറിയ തലശേരികീഴന്തി മുക്കിൽ കാറുമായി എത്തിയ റസീന കൂടെയുണ്ടായിരുന്ന യുവാവിനെ അക്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതു ചോദ്യം ചെയ്ത വ്യാപാരിയെ റസിന അടിച്ചോടിച്ചു. പിന്നെ തന്നെ ചോദ്യം ചെയ്തവരെയും വഴിയിൽ കാണുന്നവരെയെല്ലാം അസഭ്യം പറയുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. ഒൻപതു പുരുഷൻമാർക്കാണ് റസീനയുടെ മർദ്ദനമേറ്റത്. ഇതോടെ മഞ്ഞോടി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിക്കു മുൻപിലുടെയുള്ള റോഡ് ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുരുഷ പൊലിസുകാരെയും റസീന വെറുതെ വിട്ടില്ല.

ഒടുവിൽ പ്രിൻസിപ്പൽ എസ്.ഐ വി.വി ദീപ്തിയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. എസ്.ഐയെ തട്ടിയകറ്റുകയും തള്ളിയിടാൻ ശ്രമിക്കുകയും ചെയ്ത ഇവരെ സാഹസികമായാണ് കീഴടക്കിയത്.തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപിച്ചു ലക്കുകെട്ട് പൊതുജനങ്ങൾ ഭീഷണി ഉയർത്തുന്ന റസീനയെ ആദ്യമായാണ് കോടതി റിമാൻഡ് ചെയ്യുന്നത്

Tags