കനത്തമഴ : മുണ്ടംപാറയില്‍ വീണ്ടും ഭൂമി വിണ്ടുകീറി
mundam

കനത്തമഴയിൽ സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടുകീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് ഭൂമി വിണ്ടുകീറിയത് . റോഡും, വീടിന് മുന്നിലും വിണ്ടുകീറിയിട്ടുണ്ട്. ജോണിന്റെ തൊഴുത്ത് രണ്ടായി വിണ്ടുകീറി. 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണ് മുണ്ടംപാറ.

അന്ന് രണ്ടുപേർ മരിക്കുകയും മൂന്ന് വീടുകള്‍ തകരുകയും ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കക്കി – ആനത്തോട് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രേഖപ്പെടുത്തയത് 165 മില്ലീമീറ്റർ മഴയാണ്.

പമ്പ ,മണിമല , അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുകയാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും, മഴയെ തുടർന്ന് 9 ജില്ലകളിൽ വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു.

ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തിപ്രാപിക്കാനാണ് സാധ്യത.
 

Share this story