മാലിന്യ സംസ്‌കരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തണം : ഡോ. ടി എൻ സീമ

google news
ssss

കോട്ടയം: മാലിന്യ സംസ്‌കരണ മേഖലയെക്കുറിച്ചു ശരിയായ സാമൂഹ്യബോധത്തിന്റെ അഭാവമുണ്ടെന്നും മാലിന്യ സംസ്‌ക്കരണ പദ്ധതികളിൽ   പൊതുപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ  ഡോ. ടി. എൻ. സീമ അഭിപ്രായപ്പെട്ടു.
എന്റെ കേരളം പ്രദർശന വിപണനയുടെ മേളയുടെ ഭാഗമായി ശുചിത്വ മിഷൻ  സംഘടിപ്പിച്ച 'മാലിന്യ മുക്ത നവകേരളം' സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ടി.എൻ. സീമ.

വിവിധ മാലിന്യ സംസ്‌കാര സംവിധാനങ്ങൾ, അവയുടെ മുന്നേറ്റങ്ങൾ, വെല്ലുവിളികൾ എന്നിവ സെമിനാറിൽ ചർച്ചയായി. ഹരിത കർമ്മ സേനയുടെ പ്രസക്തിയും  സാധ്യതകളും  സെമിനാർ ചർച്ച ചെയ്തു.  വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കണം. ജൈവ മാലിന്യ സംസ്‌ക്കരണം ശരിയായ രീതിയിൽ നടപ്പാക്കി വരുമാന സ്രോതസുകളാക്കി മാറ്റാം.  ഇത്തരം രീതികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം ഹരിത കർമ്മ സേനകൾക്കാണെന്നും സെമിനാർ നിരീക്ഷിച്ചു.  മാലിന്യ സംസ്‌കരണ രംഗത്ത്  ഒരു ചെറിയ കോണിൽ ഒതുങ്ങാതെ  മികച്ച പരിശീലനങ്ങളിലൂടെ  ഈ മേഖലയിൽ സാങ്കേതിക സഹായങ്ങൾ നൽകുന്ന ഗ്രീൻ ടെക്‌നീഷ്യൻസായി ഹരിത കർമ്മ സേനാംഗങ്ങൾ ഉയരണമെന്നും സെമിനാർ നിർദ്ദേശിച്ചു.

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ശുചിത്വ മിഷൻ ഐ. ഇ. സി. വിദഗ്ധൻ അഖിലേഷ് രമേശ്, നോർത്ത് ആംസ് ഇ.എൻ.വി. സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ സഖറിയ ജോയി, മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ കോ- ഓർഡിനേറ്റർ ടി. പി. ശ്രീശങ്കർ, പരിസ്ഥിതി പഠനം- സ്വതന്ത്ര ഗവേഷക ടി.വി. ഗീതാദേവി, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എന്നിവർ വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ മോഡറേറ്ററായി.ചടങ്ങിൽ ജില്ലയിലെ മികച്ച ഹരിത കർമ്മ സേന ഗ്രൂപ്പുകളായ മാടപ്പള്ളി, നെടുംകുന്നം, കുറിച്ചി എന്നിവരെ ആദരിച്ചു. ഹരിത മിത്രം രണ്ടാംഘട്ടം മികച്ച പ്രവർത്തനം കാഴ്ചവച്ച  ഭരണങ്ങാനം  ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഹരിത കർമ്മ സേനാ അംഗങ്ങളെയും ആദരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Tags