വികസന പ്രവത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് : സ്പീക്കർ എ എൻ ഷംസീർ

google news
cvbn

വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തണമെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.  കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ക്ഷേമ പദ്ധതികളുടെയും മഹാത്മാഗാന്ധി എൻആർഇജി പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ സെൻട്രൽ യുപി സ്കൂളിൽ നിർമ്മിച്ച ഭക്ഷണശാലയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ ഭരണസമിതികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വികസന പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം  ഉറപ്പു വരുത്തണമെന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിമംഗലം ഗവ സെൻട്രൽ യുപി സ്കൂളിൽ നടന്ന പരിപാടിയിൽ എം വിജിന്‍ എംഎൽഎ അധ്യക്ഷത വഹിച്ചു.

480 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11,89,021 രൂപ വിനിയോഗിച്ചാണ് ഭക്ഷണശാല നിർമ്മിച്ചത്.1431 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഭക്ഷണശാലയിൽ ഒരേസമയം 200 കുട്ടികൾക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. 95 അർദ്ധവിദഗ്ധ തൊഴിൽ ദിവസങ്ങളും 151 വിദഗ്ധ തൊഴിൽ ദിവസങ്ങളും വിനിയോഗിച്ചാണ് നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്. ഇതോടൊപ്പം പഞ്ചായത്തിൻറെ ക്ഷേമ പദ്ധതികളായ ഗാർഹിക റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, സ്ഥാപനങ്ങൾക്ക് റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, അങ്കണവാടികൾക്ക് വാട്ടർ ടാങ്ക് വിതരണം, ഗ്യാസ് സ്റ്റൗ, പ്രഷർകുക്കർ, ഫർണിച്ചർ, 60 വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് കട്ടിൽ, പട്ടികജാതി വിഭാഗക്കാർക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം, ഹരിതകർമ്മ സേനയ്ക്ക് ഉപകരണങ്ങളും യൂണിഫോമും വിതരണം, ലൈഫ് ഭവന പദ്ധതിയുടെ താക്കോൽദാനം എന്നിവയും സ്പീക്കർ ഉദ്ഘാടനം ചെയ്തു.കുഞ്ഞിമംഗലം പഞ്ചായത്ത് സെക്രട്ടറി കെ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർത്ഥന, വൈസ് പ്രസിഡണ്ട് എം ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റീന, ബ്ലോക്ക് പഞ്ചായത്തംഗം എം വി ദീബു,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഉല്ലാസൻ, സംഘാടക സമിതി കൺവീനർ എം സത്യൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags