വൈദ്യുതി മേഖലയിലുണ്ടായത് സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന നേട്ടം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

google news
pariyaram110kvsubstation

കണ്ണൂർ : സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന മികച്ച നേട്ടമാണ് വൈദ്യുതി മേഖലയില്‍ ഉണ്ടായതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പരിയാരം  110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ഗുണമേന്മയുള്ള വൈദ്യുതി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. 2021-22 വര്‍ഷം 1466 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ വകുപ്പിന് സാധിച്ചു. സര്‍വ്വകാല റെക്കോര്‍ഡാണിത്. ജലവൈദ്യുത പദ്ധതികളില്‍ നിന്നും 35.5 മെഗാവാട്ടും സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നും 117.5 മെഗാവാട്ടും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞു. വരും വര്‍ഷങ്ങളിലും ഇത് തുടരാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.

പരിയാരത്ത് നിലവിലുള്ള 33 കെവി സബ്സ്റ്റേഷന്റെ ശേഷി 110 കെവിയായി  ഉയര്‍ത്തുന്നതിന് 9.8 കോടി രൂപക്കുള്ള ഭരണാനുമതി വൈദ്യുതി ബോര്‍ഡ് നല്‍കി. ഇതിന്റെ ഒന്നാംഘട്ടം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍തന്നെ പൂര്‍ത്തിയാക്കും.12.5 മെഗാവാട്ട് ശേഷിയുള്ള ഒരു ട്രാന്‍സ്‌ഫോര്‍മറും, അനുബന്ധ ഉപകരണങ്ങളും 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈനുമാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.പരിയാരം, കടന്നപ്പള്ളി, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പരിയാരം ഉര്‍സുലിന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ ശിലാഫലകം അനാച്ഛാദനം ചെയ്തു. തളിപ്പറമ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍,  ജില്ലാ പഞ്ചായത്തംഗം ടി തമ്പാന്‍ മാസ്റ്റര്‍,  ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി എ കോമളവല്ലി, ട്രാന്‍സ്മിഷന്‍ (നോര്‍ത്ത് ) ചീഫ് എഞ്ചിനീയര്‍ ജെ സുനില്‍ ജോയ്, കെ എസ് ഇ ബി എല്‍ ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ രാജന്‍ ജോസഫ്, കെ എസ് ഇ ബി എല്‍ സ്വതന്ത്ര ഡയറക്ടര്‍ അഡ്വ.വി മുരുകദാസ്, കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി വി രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags