പാലക്കാട് ഒലിപ്പാറയില്‍ സ്വൈര്യ ജീവിതം തകര്‍ത്ത് കാട്ടാന

wild elephant in Olippara Palakkad
wild elephant in Olippara Palakkad

പാലക്കാട്: രാപ്പകല്‍ ഭേദമില്ലാതെ അയിലൂര്‍, വണ്ടാഴി പഞ്ചായത്തുകള്‍ അതിരിടുന്ന ഒലിപ്പാറ മേഖലയില്‍ മോഴയാന ഭീതി പരത്തുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒലിപ്പാറ, നേര്‍ച്ചപ്പാറ, പുത്തന്‍ചള്ള, മണലൂര്‍ ചള്ള തുടങ്ങിയ പ്രദേശങ്ങളിലാണ് ജനവാസ കാര്‍ഷിക മേഖലയില്‍ മോഴയാന വ്യാപക നാശം വിതച്ചത്. 

തൊമ്മിച്ചന്‍, ഷിജു, ദേവസി കുട്ടി, കേശവന്‍, ജോര്‍ജ്, പൗലോസ് കണ്ടംവീട്ടില്‍ തുടങ്ങിയ കര്‍ഷകരുടെ കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലുമായി വാഴ, കമുക്, തെങ്ങ്, ഫലവര്‍ഷങ്ങള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്തുനിന്ന് മോഴയാനയെ മയക്കു വെടിവെച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍ കെ.എ. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.

wild elephant in Olippara Palakkad
  
കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ കൃഷിസ്ഥലങ്ങള്‍ക്ക് പുറമേ റോഡരികിലും ആനയെ കാണുന്നതിനാല്‍ അതിരാവിലെ ടാപ്പിങ് തൊഴിലാളികള്‍ ടാപ്പിങ്ങിന് എത്താതായി. ക്ഷീര സംഘങ്ങളിലേക്ക് പാല്‍ കൊണ്ടുപോകുന്ന ക്ഷീരകര്‍ഷകരും കാട്ടാനപ്പേടിയിലാണ്. മേഖലയില്‍ രാവിലെ വീടുകളിലേക്കുള്ള പത്ര വിതരണം പ്രധാന കവലകളിലെ കടകളില്‍ നല്‍കുന്ന സ്ഥിതിയായി. 

കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കിഫ) ഭാരവാഹികളായ ബിനു തോമസ്, അനീഷ് കണ്ണമ്പാട്, ജോണി തെക്കുംകാട്ടില്‍, സിബി സക്കറിയ എന്നിവര്‍ കാട്ടാന നാശനഷ്ടം ഉണ്ടാക്കിയ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. കുങ്കിയാനയുമായി ആര്‍.ആര്‍.ടി. സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രദേശത്ത് നിന്ന് ആനയെ സ്ഥിരമായി തുരത്തണമെന്ന് ആവശ്യപ്പെട്ടു. എം.പി, എം.എല്‍.എ എന്നിവര്‍ ആര്‍.ആര്‍.ടി. സംഘത്തിന് വാഹനം നല്‍കിയെങ്കിലും ജീവനക്കാരെ നിയമിക്കാത്തതിനാല്‍ ദ്രുത പ്രതികരണ സേന പ്രവര്‍ത്തനസജ്ജമായില്ല. 

മലയോര മേഖലയോട് ചേര്‍ന്ന് വൈദ്യുത വേലിയുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. പ്രഖ്യാപിച്ച 2.25 കോടിയുടെ തൂക്കുവേലി നിര്‍മാണവും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി മേഖലയില്‍ വന്യമൃഗങ്ങള്‍ ഉണ്ടാക്കിയ കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് കിഫ ഭാരവാഹികള്‍ പറഞ്ഞു.

Tags