അട്ടപ്പാടിയിലെ ജനവാസ കേന്ദ്രത്തില്‍ പകല്‍ കാട്ടാനയിറങ്ങി
Sep 24, 2024, 22:36 IST
പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ കേന്ദ്രത്തില്‍ പകല്‍ ഒറ്റയാനിറങ്ങി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടു കൂടി ഷോളയൂര്‍ പഞ്ചായത്തിലെ മട്ടത്തുകാട് ഗവ. ഐ.ടി.ഐക്ക് സമീപമാണ് ഒറ്റയാന്‍ എത്തിയത്. ഇതോടെ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ഐ.ടി.ഐ. വിദ്യാര്‍ഥികളും നിരവധി യാത്രക്കാരും ഭീതിയിലായി. കീരിപ്പതി വനമേഖലയില്‍ നിന്നും ഇറങ്ങി വന്ന ഒറ്റയാന്‍ പിന്നീട് കൊടുങ്ങര പള്ളം താണ്ടി തമിഴ്‌നാട് വനമേഖലയിലേക്ക് പ്രവേശിച്ചു. പകല്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത് അട്ടപ്പാടിയില്‍ നിത്യസംഭവമായി മാറുകയാണ്.