അട്ടപ്പാടിയില്‍ കാട്ടാന രണ്ട് വീട് തകര്‍ത്തു
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനകള്‍ രണ്ട് വീടുകള്‍ തകര്‍ത്തു. വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച രാത്രി പുതൂര്‍ തേക്ക്പ്പനയില്‍ ഒറ്റയാന്‍ ഇറങ്ങി സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്തെ വീടാണ് തകര്‍ത്തത്. തേക്കുപ്പനയിലെ പഴനിയുടെ വീടാണ് തകര്‍ത്തത്. ആനയുടെ അക്രമണമുണ്ടായപ്പോള്‍ വീട്ടില്‍ നിന്നും പഴനി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഷോളയൂരിലെ തെക്കേ കടമ്പാറയിലും വീടിനു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. ഓട് മേഞ്ഞ വീട് പൂര്‍ണമായും നിലംപൊത്തി. സമീപത്തുണ്ടായിരുന്ന മരുതന് ആന ഓടിച്ചതിനേ തുടര്‍ന്ന് പരുക്കേറ്റിട്ടുണ്ട്. ഇയാളെ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന എത്തി കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ചു. ആനയെ പിന്നീട് വനമേഖലയിലേക്ക് തുരത്തി.
തെക്കേ കടമ്പാറകില്‍ ഒറ്റയാന്‍ വീട് തകര്‍ത്ത് അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ളവ ഭക്ഷിച്ചു. വീടിനു മുന്നിലെ മരച്ചില്ലകള്‍ ഒടിയുന്നതും ഓട് താഴെ വീഴുന്ന ശബ്ദവും കേട്ടതിനെ തുടര്‍ന്ന് ആനയുടെ സാന്നിധ്യം മനസിലാക്കിയ വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.