വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പോട്ടിങ് മിശ്രിതം നിറച്ച ചട്ടികള്‍ വിതരണം ചെയ്തു

sg

പാലക്കാട് : മട്ടുപ്പാവ് പച്ചക്കറി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പോട്ടിങ് മിശ്രിതം നിറച്ച ചട്ടികള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് ചട്ടികള്‍ വിതരണം ചെയ്തത്. ഓരോ വാര്‍ഡിലെയും 10 പേര്‍ വീതം പഞ്ചായത്തിലെ 150 പേര്‍ക്കാണ് ചട്ടികള്‍ വിതരണം ചെയ്തത്.

5000 രൂപ വില വരുന്ന പോട്ടിങ് മിശ്രിതം നിറച്ച 25 എച്ച്.ഡി.പി.ഇ. ചട്ടികള്‍, പച്ചക്കറി തൈകള്‍, വളം ഉള്‍പ്പടെ 75 ശതമാനം സബ്‌സിഡിയിലാണ് വിതരണം നടത്തിയത്. ഒരാള്‍ക്ക് 25 ചട്ടികളും വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, പയര്‍ തുടങ്ങിയവയുടെ തൈകളും അഞ്ച് കിലോ വളവുമാണ് നല്‍കിയത്. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആറാം വാര്‍ഡിലെ ഗുണഭോക്താക്കള്‍ക്ക് നല്‍കി വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ നിര്‍വഹിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags