ജലബജറ്റ് അവതരിപ്പിച്ച് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ​​​​​​​

google news
fsdh

പാലക്കാട് : നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ജലബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ജലബജറ്റ് തയ്യാറാക്കിയത്. ഓരോ 10 ദിവസത്തെയും ആകെ ജല ലഭ്യതയും ആകെ ജല ആവശ്യവും കണക്കാക്കിയ ശേഷം ഇവയെ താരതമ്യം ചെയ്ത് ജല മിച്ചമാണോ ജല കമ്മിയാണോ എന്ന് കണ്ടെത്തിയാണ് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. 

പഞ്ചായത്ത് തലത്തില്‍ ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ജലസ്രോതസുകളുടെ എണ്ണം, ഉപയോഗം, ലഭിക്കുന്ന മഴവെള്ളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജലബജറ്റില്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനും ജലാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ മുന്നില്‍ കണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയോജനപ്പെടുത്തും.

വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജലബജറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ ഹുസനാര്‍ അധ്യക്ഷനായി. നവകേരളം കര്‍മപദ്ധതി 2 റിസോഴ്‌സ് പേഴ്‌സണ്‍ വീരാസാഹിബ് ജലബജറ്റ് അവതരിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രസ്മി ഷാജി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശശികല, പഞ്ചായത്ത് സെക്രട്ടറി രാധിക, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് എ.ഇ ഫിനോയ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags