ഉല്ലാസ് മേളയില്‍ താരങ്ങളായി അട്ടപ്പാടിയിലെ നഞ്ചിയും പ്രദീപയും

ഉല്ലാസ് മേളയില്‍ താരങ്ങളായി അട്ടപ്പാടിയിലെ നഞ്ചിയും പ്രദീപയും

പാലക്കാട് :  ദേശീയ സാക്ഷരതാ മിഷന്‍ ഉല്ലാസ് പദ്ധതിയുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നടന്ന ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയിലെ പഠിതാക്കളുടെ സംഗമത്തിലും ഉല്ലാസ്മേളയിലും താരങ്ങളായി അട്ടപ്പാടിയിലെ നഞ്ചിയും പ്രദീപയും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ എത്തുന്ന മേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് അട്ടപ്പാടി കാവുണ്ടിക്കല്‍ ഊരില്‍നിന്നുള്ള സാക്ഷരത പഠിതാവായ നാല്‍പത്തിയൊന്നുകാരി നഞ്ചിയും ഇന്‍സ്ട്രക്ടര്‍ പ്രദീപയും പങ്കെടുത്തത്.

ഇവരെ കൂടാതെ മലപ്പുറം ജില്ലയില്‍നിന്നുള്ള രണ്ടു പേരും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി ഒലീന, അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ എന്നിവരും ഇവരോടൊപ്പം ഉണ്ട്.2022-23 വര്‍ഷം ആരംഭിച്ച എന്‍.ഐ.എല്‍.പി പദ്ധതിയുടെ മികവുത്സവം സാക്ഷരതാ പരീക്ഷ 2023 ഡിസംബര്‍ 10നാണ് കേരളത്തില്‍ നടന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി 85,000 പഠിതാക്കള്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇവരെ പ്രതിനിധീകരിച്ചാണ് പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ട് വീതം പഠിതാക്കളും ഇന്‍സ്ട്രക്ടര്‍മാരും ഡല്‍ഹിയില്‍ നടന്ന മേളയില്‍ പങ്കെടുത്തത്. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ 9490 പേര്‍ എന്‍.ഐ.എല്‍.പി. ഉല്ലാസ് സാക്ഷരതാ പരീക്ഷ വിജയിച്ചു. അട്ടപ്പാടിയില്‍ നടന്ന ഉല്ലാസ് പഠന ക്ലാസുകള്‍ക്ക് കുടുംബശ്രീയാണ് നേതൃത്വം നല്‍കിയത്.

Tags