പാലക്കാട് നെന്മാറയിൽ വില്ലേജ് ഓഫീസര്‍ക്കുനേരേ കൈയേറ്റ ശ്രമം: യുവാവ് റിമാന്‍ഡില്‍

police8
police8

പാലക്കാട്: നെന്മാറ വില്ലേജ് ഓഫീസറെയും സംഘത്തെയും കൈയേറ്റത്തിന് ശ്രമിച്ച സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍. കയറാടി ആലമ്പള്ളം സ്വദേശി ഷെഫീഖ് (40) ആണ് റിമാന്‍ഡിലായത്. തിരുവഴിയാട് വില്ലേജ് ഓഫീസര്‍ ആര്‍. രാജേഷ് കുമാറിനു നേരെ അസഭ്യവര്‍ഷവും വധഭീഷണിയും മുഴക്കി കൈയേറ്റത്തിന് ശ്രമിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് കേസ്.

വാഹന വായ്പയുമായി ബന്ധപ്പെട്ടുള്ള ജപ്തി നടപടി നോട്ടീസ് നല്‍കാന്‍ എത്തിയതായിരുന്നു വില്ലേജ് ഓഫീസറും സംഘവും. ആലംബള്ളത്തുള്ള വീട്ടില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയതില്‍ പ്രകോപിതനായാണ് ഇയാള്‍ അക്രമണ സ്വഭാവം കാണിച്ചത്. അയല്‍വാസികള്‍ ഇടപെട്ട് വില്ലേജ് ഓഫീസറെയും സംഘത്തെയും അടുത്ത വീട്ടിലേക്ക് മാറ്റിയെങ്കിലും ഇയാള്‍ അവിടെ വന്ന് ഭീഷണി തുടര്‍ന്നു. വില്ലേജ് ഓഫീസറും സംഘവും വന്ന ഇരുചക്രവാഹനം കത്തിക്കാനും ശ്രമം നടത്തി.

നിരവധി തവണ കയ്യേറ്റം ചെയ്യാനുള്ള ശ്രമം ഒഴിഞ്ഞു മാറിയതിനാലും അയല്‍വാസികള്‍ ഇടപെട്ടതിനാലുമാണ് ഒഴിവായതെന്നും പറയുന്നു. തുടര്‍ന്ന് നെന്മാറ പോലീസില്‍ വിവരമറിയിച്ച് പോലീസ് സാന്നിധ്യം കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നെന്മാറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഷെഫീക്കിനെ നെന്മാറ എസ്.ഐ ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags