പാലക്കാട് കരിമ്പാറയിലെ കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തി
പാലക്കാട്: നെന്മാറ കരിമ്പാറ മേഖലയില്‍ ദിവസങ്ങളായി കൃഷിയിടങ്ങളിലും വീട്ടുവളപ്പുകളിലും നാശം വരുത്തിയ കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തി. വ്യാഴാഴ്ച പുലര്‍ച്ചെയും കൃഷിയിടത്തിലെത്തിയ കാട്ടാനകള്‍ മരുതംചേരി ഷാജഹാന്റെ ചള്ളയിലുള്ള കൃഷിയിടത്തിലെ കുലച്ചു തുടങ്ങിയ 14 തെങ്ങുകള്‍ തിന്നു നശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ക്ഷീര കര്‍ഷകര്‍ കാട്ടാനകള്‍ കൃഷിയിടങ്ങളിലൂടെ പോകുന്നത് കണ്ടെങ്കിലും വനപാലക സംഘം എത്തിയപ്പോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ചള്ള മലയോര മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനക്കൂട്ടത്തെ എട്ടരയോടെ കണ്ടെത്തിയത്. പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചപ്പോള്‍ കാട്ടാനകള്‍ ഉള്‍വനത്തിലേക്ക് കടക്കുന്നതിന് പകരം സമീപപ്രദേശങ്ങളിലേക്ക് ഓടി മാറി വനപാലക സംഘത്തെ ഏറെനേരം ചുറ്റിച്ചു.
തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ ചള്ള, പുഞ്ചേരി കല്‍ച്ചാടി ദിശകളില്‍ പടക്കം പൊട്ടിച്ചാണ് കാട്ടാനകളെ ഉള്‍വനത്തിലേക്ക് കയറ്റാന്‍ സാധിച്ചത്. അരക്കുന്ന്, വെട്ടിച്ചാട്ടം, അയ്യപ്പന്‍ കുന്ന്, വഴി ആലുംപതി വരിക്കല്‍ ഭാഗത്തേക്കാണ് മോഴയാനയെയും പിടിയാനയെയും ഓടിച്ചു കയറ്റിയത്. അഞ്ചുമണിക്കൂറോളം ആറംഗസംഘം വനമേഖലയില്‍ ദൗത്യം തുടര്‍ന്നു.
നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്ഷന്‍ ഫോറസ്റ്റര്‍ ജയിനുലാബുദ്ധീന്‍, ബി.എഫ്.ഒ. രതീഷ്, വാച്ചര്‍മാരായ റഷീദ്, ബാലന്‍, പോത്തുണ്ടി സെക്ഷനില്‍ നിന്നും സെന്തില്‍ രമേഷ് എന്നിവ അടങ്ങിയ സംഘമാണ് കാട്ടാന തുരത്തില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി മേഖലയിലെ കൃഷിയിടങ്ങളില്‍ മാറിമാറി നാശം വരുത്തിയ കാട്ടാനകളെ പ്രദേശവാസികളുടെ ഏറെ നാളത്തെ മറുപടികള്‍ക്ക് ശേഷമാണ് കാടുകയറ്റി വിടാനായത്.