കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഖരമാലിന്യ പഠനം ആരംഭിച്ചു

fdh

പാലക്കാട് :  കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഖരമാലിന്യത്തിന്റെ അളവ്, ഘടന എന്നിവ സംബന്ധിച്ച് പാലക്കാട് നഗരസഭയില്‍ പഠനം ആരംഭിച്ചു. നഗരസഭാ പരിധിയിലെ വീടുകളില്‍ ഉണ്ടാകുന്ന ഖരമാലിന്യത്തിന്റെ അളവും തരവും ഗുണനിലവാരവും വിലയിരുത്തുന്നതിനായാണ് പഠനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വഴി എട്ടുദിവസം തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന സര്‍വേയും നടത്തും. തെരഞ്ഞെടുത്ത വീടുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ജൈവ, അജൈവ, സ്‌ക്രാപ്പ്, അപകടകരമായ മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ ശേഖരിച്ചാണ് പഠനം നടത്തുന്നത്. മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിച്ച് ഹരിതകര്‍മ്മ സേനാംഗങ്ങളെ ദിവസേന തിരികെ ഏല്‍പ്പിക്കും.


രാവിലെ മുതല്‍ രാത്രി വരെ ഉത്പാദിപ്പിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ മാത്രമാണ് ഹരിതകര്‍മ്മ സേനാ അംഗങ്ങള്‍ സ്വീകരിക്കുക. ഇതില്‍ സ്‌ക്രാപ്പ്, അപകടകരമായ മാലിന്യങ്ങള്‍ തുടങ്ങിയവ എട്ടാം ദിവസമാണ് സ്വീകരിക്കുക. ദിവസേന ശേഖരിക്കുന്ന അജൈവ മാലിന്യം അന്നന്ന് തന്നെ 11 തരമായി തിരിച്ച് അതിന്റെ അളവ് കണക്കാക്കും. ഒപ്പം അജൈവ മാലിന്യത്തിന്റെ അളവും അന്നന്ന് തന്നെ  കണക്കാക്കുന്നു. ഈ അളവ് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തും. എട്ട് ദിവസത്തിനു ശേഷം ലാബില്‍ നല്‍കി മാലിന്യത്തിന്റെ ഭൗതിക-രാസഘടനകള്‍ പഠന വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കുകയും തുടര്‍ന്ന് 25 വര്‍ഷത്തേക്കുള്ള ഖരമാലിന്യ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ജനസാന്ദ്രതയുള്ള തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ക്ക് ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് പ്രതിനിധികളായ രവികുമാര്‍, ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. ഇതോടൊപ്പം മാലിന്യ ശേഖരണത്തിനാവശ്യമായ  ബാഗുകള്‍, പി.പി.ഇ കിറ്റുകള്‍, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള നോട്ടീസ് എന്നിവയും വിതരണം ചെയ്തിരുന്നു.


ആദ്യ ദിവസം ശേഖരിച്ച മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തി  നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പഠനം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, ആരോഗ്യ സ്ഥിരം സമിതി അധ്യഷന്‍ പി. സ്മിതേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി, മീനാക്ഷി, സൂപ്രണ്ട് അനില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, സി.കെ.സി.എല്‍ ജില്ലാ മാനേജര്‍ ആദര്‍ശ്, കെ.എസ്.ഡബ്ല്യു.എം.പി. സോഷ്യല്‍ എക്സ്പെര്‍ട്ട് സീന പ്രഭാകര്‍, എന്‍വയറോണ്മെന്റല്‍ എക്സ്പെര്‍ട്ട് എസ്. അനിത, എസ്.ഡബ്ല്യു.എം എന്‍ജിനീയര്‍ നിമില്‍, ടെക്നിക്കല്‍ കണ്‍സല്‍റ്റന്റ് പ്രതിനിധികളായ  ജോസഫ് പോള്‍, എ.സി ശേഖര്‍, നിതിന്‍, സിബി പി. ജോസ്, ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags