പെരുമാട്ടിയില്‍ സ്‌നേഹാരാമം ഒരുങ്ങുന്നു

google news
fdh

പാലക്കാട് :  മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ കോളെജിലെ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയിലെ ചുള്ളിപ്പെരുക്കമേടില്‍ സ്‌നേഹാരാമം ഒരുക്കുന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട ചുള്ളിപ്പെരുക്കമേട്ടില്‍ മാലിന്യം തള്ളല്‍മൂലം പൊതുജനങ്ങളും പഞ്ചായത്തും ഏറെക്കാലമായി ദുരിതത്തിലായിരുന്നു. 

പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് പഞ്ചായത്ത് തലത്തില്‍ സ്‌നേഹാരാമം എന്ന പദ്ധതിയിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചെടികള്‍ വെച്ച് പിടിപ്പിക്കുന്നത്. ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള ഊഞ്ഞാലുകള്‍ ഉള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നുണ്ട്. വ്യായാമത്തിനും വിശ്രമത്തിനും ഒത്തുചേരാനുമെല്ലാം ഉപയോഗിക്കാവുന്ന രീതിയില്‍ സ്‌നേഹാരാമം ഒരു പാര്‍ക്ക് ആക്കി മാറ്റുകയാണ് ലക്ഷ്യം. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ കെ.എം നിഷാദ്, എ. റൂബിന, വാര്‍ഡ് മെമ്പര്‍മാരായ ശശികുമാര്‍, വിനോദ് ബാബു, വി.ഇ.ഒമാരായ സി.കെ നവനീത്, ഡി. ഷിജി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. അനിഷ, ഐ.ആര്‍.ടി.സി കോ-ഓര്‍ഡിനേറ്റര്‍ അക്ഷയ്, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജനപ്രതിനിധികള്‍, പരിസരവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags