സമുന്നതി പദ്ധതി: പാലക്കാട് ബ്ലോക്ക് തല ശില്‍പശാല സംഘടിപ്പിച്ചു

sdgd

പാലക്കാട് :  കുടുംബശ്രീ ജില്ലാ മിഷന്‍, കുഴല്‍മന്ദം ബ്ലോക്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക ജീവനോപാധി പദ്ധതി സമുന്നതിയുടെ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ എസ്.സി വിഭാഗക്കാരുള്ള കുഴല്‍മന്ദം ബ്ലോക്കിലാണ് സമുന്നതി പട്ടികജാതി സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്കിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 

കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ എല്ലാ തലത്തിലുമുള്ള ഗുണഫലങ്ങള്‍ പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് കൂടി ഉറപ്പാക്കല്‍, കുടുംബശ്രീ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയും മുഴുവന്‍ കുടുംബങ്ങളെയും അയല്‍ക്കൂട്ട പരിധിയില്‍ കൊണ്ടുവരുക, എസ്.സി അയല്‍ക്കൂട്ടങ്ങള്‍ക്ക് വിവിധതരത്തിലുള്ള അര്‍ഹമായ സാമ്പത്തിക സഹായം ഉറപ്പാക്കുക, ഇതിലൂടെ മറ്റു സ്വകാര്യ പണ ഇടപാടുകാരുടെ കടന്നുകയറ്റം നിയന്ത്രിക്കുക, സാമൂഹ്യവികസന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുക, ഉചിതമായ രീതിയില്‍ വരുമാനദായക പ്രവര്‍ത്തനങ്ങളും ഉപജീവന പ്രവര്‍ത്തനങ്ങളും കണ്ടെത്തി നടപ്പിലാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ശില്‍പശാലയില്‍ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു.

പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കേരളകുമാരി അധ്യക്ഷയായി. 

സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍ പദ്ധതി വിശദീകരണം നടത്തി. തേങ്കുറുശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സ്വര്‍ണമണി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, പട്ടികജാതി ബ്ലോക്ക് വികസന ഓഫീസര്‍ സുന്ദരന്‍, കുടുംബശ്രീ സ്റ്റേറ്റ് ട്രൈബല്‍ പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ്, ട്രൈബല്‍ ഡി.പി.എം ജി. ജിജിന്‍, മുന്‍ എം.എല്‍.എ എ.വി ഗോപിനാഥന്‍, കുഴല്‍മന്ദം ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, എസ്.സി പഞ്ചായത്ത് അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറിമാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.പി.എമ്മുമാര്‍, ബ്ലോക്ക് കോ -ഓര്‍ഡിനേറ്റര്‍മാര്‍, മെന്റര്‍മാര്‍, റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags