മഴ : പാലക്കാട് ജില്ലയിലെ മണ്‍ചുമരുകളുളള വീടുകളുടെ പ്രത്യേക കണക്കെടുക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശം
പാലക്കാട് : ജില്ലയിലെ മണ്‍ചുമരുകളുളള വീടുകളുടെ കണക്കെടുക്കെടുക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ മഴയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍ഹാളില്‍ ചേര്‍ന്ന മന്ത്രിതല അവലോകനയോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
നിലവില്‍ ജില്ലയില്‍ 173-ഓളം വീടുകള്‍ പൂര്‍ണ്ണമായും 344 വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. നിലവില്‍ തകര്‍ന്ന വീടുകള്‍ക്ക് പ്രത്യേക പരിഗണനയില്‍ എത്ര നഷ്ടപരിഹാര തുക നല്‍കാനാവുമെന്നതില്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യാവുന്നത് സംബന്ധിച്ച പരിശോധന നടത്തുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചതിന്റെ ഭാഗമായി അവയുടെ കൂടെ നഷ്ടം കണക്കാക്കേണ്ടതുണ്ട്.
ഇതിനായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തഹസില്‍ദാരുള്‍പ്പെട്ട യോഗം അടുത്ത ദിവസം തന്നെ ചേരും. അട്ടപ്പാടി-പറമ്പിക്കുളം ഉള്‍പ്പെട്ട പട്ടികവര്‍ഗമേഖലകളില്‍ പ്രദേശവാസികള്‍ക്ക് മറ്റൊരു വരുമാനം കൂടി ലക്ഷ്യമിട്ട് സൗരോര്‍ജ്ജം സ്രോതസാക്കി വൈദ്യുതി ലഭ്യമാക്കും. ജില്ലയില്‍ 4500 കുളങ്ങളുണ്ടെന്നും അവ വൃത്തിയാക്കുന്നതിനായി പ്രപ്പോസല്‍ വെയ്ക്കാനും ജിയോളജി വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി.അന്തര്‍ സംസ്ഥാനനദീജലകരാര്‍ പ്രകാരം ഡാമുകളിലേക്ക് അര്‍ഹമായ ജലലഭ്യത ഉണ്ടോ എന്നത് സംബന്ധിച്ച് 15 ദിവസം കൂടുമ്പോള്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സംയുക്ത ജല നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ക്ക് മന്തി നിര്‍ദ്ദേശം നല്‍കി.
ജില്ലയിലൊട്ടാകെ 1560 ഹെക്ടര്‍ കൃഷിനാശമുണ്ടായതായും 5673 കര്‍ഷകരെ ബാധിച്ചതായും 3134.74 ലക്ഷം നഷ്ടമുണ്ടായതായും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും മറ്റും നഷ്ടപരിഹാരതുക ലഭ്യമാക്കാനുളള സാധ്യത പരിശോധിക്കാന്‍ മന്ത്രി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്് നിര്‍ദ്ദേശം നല്‍കി.
നെല്ലിയാമ്പതിയിലേക്ക് ഒരു ഭാഗത്തേക്ക് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.എന്നാല്‍ പൊതു-സ്വകാര്യവാഹനങ്ങളുടെ ഗതാഗതം നിലവില്‍ പ്രസ്തുത പാതയില്‍ സാധ്യമാക്കിയിട്ടില്ല. കെ.എസ്.ടി.പിയാണ് ഇവിടെ റോഡ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ടെണ്ടര്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. കൂടാതെ പാലക്കാട് ഐ.ഐ.ടി വിദഗ്ദരുടെ അഭിപ്രായം നോക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് യോഗത്തില്‍ ജില്ല കലക്ടര്‍ അറിയിച്ചു. നിലവില്‍ നെല്ലിയാമ്പതി റോഡ് സാന്‍ഡല്‍ മഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ്് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മേഖലയില്‍ മരങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ക്ക് കവേഡ് കണ്ടക്ടര്‍ സാധ്യതയും അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ സാധ്യതയും പരിശോധിക്കാന്‍ മന്ത്രി കെ.എസ്.ഇ .ബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പ്രദേശത്ത് അപകടകരമായ മരങ്ങളുണ്ടെങ്കില്‍ ഡി.ഡി.എം.എയ്ക്ക് അടിയന്തിര വിവരം നല്‍കണമെന്നും മന്തി നിര്‍ദ്ദേശിച്ചു. പട്ടാമ്പി പാലം പരിശോധന നടത്തി അറ്റകുറ്റപണിക്കായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ പി.ഡബ്ല്യൂ.ഡി അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ആലത്തൂരില്‍ സ്‌ക്കൂള്‍ ബസ് അപകടത്തില്‍പെട്ട സ്‌ക്കൂളിന് പകരം വാഹനം ഡി.ഡി.എം.എ ഫണ്ടില്‍ നല്‍കണമെന്നും ആലത്തൂരില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് പ്രദേശവാസികളെ സ്ഥിരമായി പുനരിധിവസിപ്പിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത എം.എല്‍.എ കെ.ഡി പ്രസേനന്‍ ആവശ്യപ്പെട്ടു.
നെല്ലിയാമ്പതി മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഹനസൗകര്യം, പ്രദേശവാസികള്‍ക്ക് റേഷന്‍ വിതരണം, ആലംപിള്ളി-ചപ്പാത്ത് പാലത്തിന്റെ പരിശോധന എന്നിവ ആവശ്യമാണ്.കുണ്ടറ ചോലപാലത്തിനും ചെറുനെല്ലി പാലത്തിനും പരിശോധനവേണമെന്നും എം,എല്‍,എ കെ.ബാബു ആവശ്യപ്പെട്ടു.
പട്ടാമ്പി പുതിയ പാലത്തിനായി 43 പേരില്‍ നിന്ന് സ്ഥലം ഏറ്റെടുക്കലില്‍ അടിയന്തിര നടപടിയെടുക്കാനും ഡിസാസ്റ്റര്‍ പ്രിവെന്‍ഷന്‍ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടെന്നും എം.എല്‍.എ മുഹമ്മദ് മുഹസിന്‍ ആവശ്യപ്പെട്ടു. ഫയര്‍ഫോഴ്‌സ് പോലീസ് തുടങ്ങിയ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും നല്ല രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടെന്നും. വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കേണ്ടതാണെന്നും പി. മമ്മിക്കുട്ടി എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. ക്വാറികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അനങ്ങാന്‍ മല ഭാഗത്ത് പുതിയ ക്വാറികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും ആരംഭിച്ചിട്ടുള്ള ക്വാറികളില്‍ എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവിടങ്ങളില്‍ സമഗ്രപഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും പി.മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, പി.പി സുമോദ്, മുഹമ്മദ് മുഹസിന്‍, കെ.ബാബു, പി.മമ്മിക്കുട്ടി , ജില്ല പോലീസ് മേധാവി ആര്‍.ആനന്ദ് സബ്കലക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ്, എ.ഡി.എം. ഡോ.എം.സ് റെജില്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.