പരിരക്ഷ: പാലക്കാട് ജില്ലയില്‍ കാന്‍സര്‍ സ്‌ക്രീനിങ് കാമ്പയിന്‍ ആരംഭിച്ചു

dsh

പാലക്കാട് :  ജില്ലയില്‍ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച കാന്‍സര്‍ സ്‌ക്രീനിങ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പറളി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.

 കാന്‍സര്‍ ബാധ നേരത്തേ കണ്ടെത്തുന്നതിനും അതുവഴി ശാസ്ത്രീയമായ മികച്ച ചികിത്സ നല്‍കി മരണങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള പദ്ധതിയാണ് പരിരക്ഷ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, എം.എല്‍.എസ്.പി, ആശാപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഫീല്‍ഡ് വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വഴിയും ശൈലീ ആപ്പ് ഉപയോഗപ്പെടുത്തിയും കാന്‍സര്‍ സാധ്യതാ ലക്ഷണങ്ങളുള്ളവരെ നേരത്തെ കണ്ടെത്തി ആവശ്യമായ പരിശോധനകള്‍ നടത്തി ശാസ്ത്രീയ ചികിത്സാ സംവിധാനമൊരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍ വിദ്യ വിഷയാവതരണം നടത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായ പരിപാടിയില്‍ പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേണുകാദേവി, ജില്ലാ പഞ്ചായത്ത് അംഗം എം.എച്ച് സഫ്ദര്‍ ഷെറീഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.വി മണികണ്ഠന്‍, പറളി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അനൂബ് റസാക്, ജില്ലാ നഴ്‌സിങ് ഓഫീസര്‍ കെ. രാധാമണി, ഡെപ്യൂട്ടി ജില്ലാ എഡുക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബി.കെ മിനി, പറളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.എ ബാബു, പറളി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വിനോദ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags