പാലക്കാട് കഞ്ചിക്കോട് വെള്ളക്കെട്ടില്‍ അകപ്പെട്ട സ്ത്രീയെ രക്ഷിച്ചു
പാലക്കാട്: കഞ്ചിക്കോട് ദുര്‍ഗന്ധം വമിക്കുന്ന വെള്ളക്കെട്ടില്‍ ഒരുദിവസം അകപ്പെട്ട് കിടന്ന സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കഞ്ചിക്കോട് തമിഴ്ത്തറ കലാമണി(47)യാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. കഞ്ചിക്കോട് കംഫര്‍ട്ട് പോളി ഫോം കമ്പനിക്ക് പുറകിലായി ഉദ്ദേശം പത്തേക്കര്‍ സ്ഥലത്ത് കെട്ടിക്കിടക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളക്കെട്ടില്‍ 200 മീറ്റര്‍ ദൂരെയായാണ് ഇവര്‍ കുടുങ്ങി കിടന്നിരുന്നത്.
കമ്പനി അധികൃതര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫീസര്‍ ടി.ആര്‍. രാകേഷ്, എസ്.എഫ്.ആര്‍.ഒ ജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സേന ഡിങ്കിയുമായി സംഭവസ്ഥലത്ത് എത്തി. ചുറ്റും ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ ഡിങ്കിയിറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രാജേഷ്, രാമചന്ദ്രന്‍, എം. രവി എന്നിവര്‍ ലൈഫ് ബോയ്, റോപ്പ് എന്നിവയുടെ സഹായത്താല്‍ നീന്തി സംഭവസ്ഥലത്ത് എത്തി കലാമണിയെ ലൈഫ് ബോയില്‍ ഇരുത്തി സുരക്ഷിതമായി കരയില്‍ എത്തിച്ച് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.