പാലക്കാട് ജില്ലാ പദ്ധതി രൂപീകരണം : കൂടിയാലോചനാ യോഗം ചേര്‍ന്നു

Palakkad District Plan Formulation: A consultation meeting was held
Palakkad District Plan Formulation: A consultation meeting was held

പാലക്കാട്: പാലക്കാട് ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള ജില്ലാ പദ്ധതി രൂപീകരിക്കുന്നതിനായി കൂടിയാലോചനാ യോഗം ചേര്‍ന്നു.  കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലയില്‍  അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ആര്‍ജ്ജിച്ച നേട്ടങ്ങളും  അവയില്‍ വരുത്തേണ്ട മാറ്റങ്ങളും ഉള്‍പ്പെടുന്ന ജനകീയവും സമഗ്രവുമായ സുസ്ഥിര വികസന പദ്ധതി രൂപപ്പെടുത്താന്‍ കഴിയണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മണ്ണ്, ജല സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ വ്യത്യസ്തമായ എല്ലാ തലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് ദീര്‍ഘകാല വികസനം ലക്ഷ്യമാക്കിയാണ് പദ്ധതി രൂപീകരണം നടത്തുന്നത്. അതിനാല്‍ ഭാവനാപൂര്‍ണ്ണമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടാകണം പദ്ധതി രൂപീകരണം.    ത്രിതല പഞ്ചായത്തുകളേയും ഉപസമിതികള്‍, ഏജന്‍സികള്‍ എന്നിവയേയും ഏകോപിപ്പിച്ചുകൊണ്ട് സമഗ്രമായ പദ്ധതി തയ്യാറാക്കാനാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പദ്ധതി രൂപീകരണത്തിനായി മൂന്നു പ്രധാന സമിതികളും 27 ഉപസമിതികളും രൂപീകരിച്ചിരുന്നു. ഓരോ സമിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളേയും പദ്ധതികളേയും ലക്ഷ്യങ്ങളേയും സംബന്ധിച്ച് ഉദ്യോഗസ്ഥരും അംഗങ്ങളും ചേര്‍ന്ന് ഗ്രൂപ്പു തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തി. പദ്ധതി രൂപീകരണം, ആശയങ്ങള്‍, ഓരോ സമിതിയും ചെയ്യേണ്ടതും കൈകാര്യം ചെയ്യേണ്ടതും പ്രത്യേകം ശ്രദ്ധചെലുത്തേണ്ടുന്ന ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന ക്ലാസുകളും, സെമിനാറും പരിപാടിയില്‍ സംഘടിപ്പിച്ചിരുന്നു.

ജില്ലാ പ്ലാനിങ് ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഷാബിറ, ശാലിനി കറുപ്പേഷ്, രജനി, അനിത പോള്‍സണ്‍, ശ്രീധരന്‍, ജയപ്രകാശ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.ശ്രീലത, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍മാരായ രത്‌നേഷ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags