ലക്ഷ്യം സമ്പൂര്‍ണ മാലിന്യമുക്ത ജില്ല : നവകേരളം ജനകീയ ക്യാമ്പെയിന്‍ പാലക്കാട് ജില്ലാതല നിര്‍വഹണ സമിതി രൂപീകരിച്ചു

The goal is a completely waste-free district: Palakkad District Level Implementation Committee has been formed for the Navakerala People's Campaign.
The goal is a completely waste-free district: Palakkad District Level Implementation Committee has been formed for the Navakerala People's Campaign.

പാലക്കാട് : മാലിന്യസംസ്‌കരണം സ്വന്തം ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഏറ്റെടുക്കണമെന്ന് എ.പ്രഭാകരന്‍ എം.എല്‍.എ. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിനിന്റെ ജില്ലാതല നിര്‍വഹണ സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ക്കുനേരെ പ്രതിഷേധമുണ്ടാകുന്നത് മിക്കപ്പോഴും അറിവില്ലായ്മകൊണ്ടാണ്. തെറ്റിദ്ധാരണകള്‍ അകറ്റാനും അഭിപ്രായ രൂപീകരണത്തിനും ഗ്രാമസഭകള്‍ പ്രയോജനപ്പെടുത്തണം. മാലിന്യം വലിച്ചെറിയുന്ന ശീലത്തില്‍നിന്ന് മുക്തിനേടണം. മാലിന്യം സംസ്‌കരിച്ച് ഫലപ്രദമായി ഉപയോഗിക്കാനാകും. ഖരമാലിന്യം ഇന്ധനമാണെന്ന അറിവ് പകരണമെന്നും എ.പ്രഭാകരന്‍ എം.എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് മാലിന്യമുക്തമായ പരിസരവുമെന്ന് കെ.ഡി.പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. മനസ് മാലിന്യമുക്തമാക്കുകയാണ് ക്യാമ്പയ്‌നിന്റെ ലക്ഷ്യം. കുട്ടികളില്‍ മാറ്റം എളുപ്പത്തില്‍ സാധ്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പെടുത്തി ക്യാമ്പെയിന്‍ വിജയിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ വഴി മാലിന്യക്കൂനകള്‍ ഇല്ലാതാക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാനായതായി ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും മാലിന്യമുക്തമാക്കുന്നതിനായി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ജില്ല കളലക്ടര്‍ പറഞ്ഞു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ നിലവിലെ സ്ഥിതി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ.ഉഷയും ഭാവിപ്രവര്‍ത്തനങ്ങള്‍ നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.സെയ്തലവിയും വിശദീകരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ചിന്നക്കുട്ടന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. 

ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി സ്വാഗതവും ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.വരുണ്‍ നന്ദിയും പറഞ്ഞു. തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, യുവജന-വിദ്യാര്‍ഥി-മഹിള-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയും ജില്ലാ കളക്ടര്‍ കണ്‍വീനറും എ.ഡി.എം കോ-കണ്‍വീനറും നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ക്യാമ്പെയിന്റെ കോര്‍ഡിനേറ്ററുമായി ജില്ലാതല നിര്‍വഹണ സമിതി രൂപീകരിച്ചു.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30വരെയാണ് ക്യാമ്പെയിന്‍. സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. നാലുഘട്ടങ്ങളിലായി ലക്ഷ്യം പൂര്‍ത്തീകരിക്കും. സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം, ടൂറിസം കേന്ദ്രം, ഗ്രാമം, നഗരം, ഹരിത ഓഫീസ്, ഹരിത വിദ്യാലയം, കലാലയം എന്നിങ്ങനെയാകും ലക്ഷ്യം പൂര്‍ത്തിയാക്കുക.

Tags