പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് 20ന് ; 1,94,706 വോട്ടര്‍മാര്‍
പാലക്കാട്: അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര് 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229പേര് പ്രവാസി വോട്ടര്‍മാരുമാണ്. നവംബര്‍ 20 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (നവംബര്‍ 19) പൂര്‍ത്തിയാകും. ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂതമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.
മത്സര രംഗത്ത് 10 സ്ഥാനാര്‍ത്ഥികള്‍
ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.സി. കൃഷ്ണകുമാര്‍ (ബി.ജെ.പി, ചിഹ്നം: താമര), രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി, ചിഹ്നം: കൈ), ഡോ. പി സരിന് (സ്വതന്ത്രന്, ചിഹ്നം:സ്റ്റെതസ്കോപ്പ്), എം. രാജേഷ് ആലത്തൂര്‍ (സ്വതന്ത്രന്, ചിഹ്നം: ഗ്യാസ് സിലിണ്ടര്‍), രാഹുല്‍.ആര് (സ്വതന്ത്രന്, ചിഹ്നം: എയര്‍ കണ്ടീഷണര്‍), രാഹുല്‍ മണലാഴി(സ്വതന്ത്രന്, ചിഹ്നം:തെങ്ങിന് തോട്ടം), എന്‍.എസ്.കെ പുരം ശശികുമാര്‍ (സ്വതന്ത്രന്, ചിഹ്നം: കരിമ്പു കര്ഷകന്), എസ്. ശെലവന്‍ (സ്വതന്ത്രന്, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീര്‍ (സ്വതന്ത്രന്, ചിഹ്നം: ടെലിവിഷന്‍), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രന്, ചിഹ്നം:ബാറ്ററി ടോര്‍ച്ച് ) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
184 പോളിങ് ബൂത്തുകള്‍ ;എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി
നാല് ഓക്സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്. 1500-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ളവിടമാണ് ഓക്സിലറി ബൂത്തുകളായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. ലോവര്‍ പ്രൈ മറി സ്കൂള്‍ കുന്നത്തൂര്‍ മേട്-വടക്കുവശത്തെ മുറി (83എ), പൂളകാട് അങ്കണവാടി (102 എ), ബി.ഇ.എസ് ഭാരതിതീര്ത്ഥ വിദ്യാലയംകല്ലേക്കാട്-കിഴക്കുവശം (117എ), സെന്‍ട്രല്‍ ജൂനിയര്‍ ബേസിക് സ്കൂള്‍ കിണാശ്ശേരി-കിഴക്ക് വശത്തെ മുറി (176എ) എന്നിവിടങ്ങളിലാണ് ഓക്സിലറി ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതര്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും ഒമ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തില്‍ ഉണ്ടാവും.എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്.
പോളിങ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്ട്രോള് യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കണ്ട്രോള് യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള രണ്ട് എഞ്ചിനീയര്‍മാരും പാലക്കാട് എത്തിയിട്ടുണ്ട്.
പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം
സുരക്ഷയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാപോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 19 മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണ്ണനിരീക്ഷണത്തിലായിരിക്കും വെബ്കാസ്റ്റിങ്.സിവില്‍ സ്റ്റേഷനില്‍ കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച കണ്ട്രോള് റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് സൂക്ഷ്മമായി നിരീക്ഷിക്കും. ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റേയും നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങളോടെയാണ് വെബ്കാസ്റ്റിംഗ് നിരീക്ഷണം. പോളിങ് ദിനത്തില്‍ രാവിലെ അഞ്ച് മുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തം അവസാനിക്കുന്നത് വരെ 184 ബൂത്തുകളിലും ലൈവ്സ്ട്രീമിങ് ഉണ്ടായിരിക്കും.
പ്രശ്നബാധിത ബൂത്തുകള്‍ ഏഴ്
മണ്ഡലത്തില്‍ മൂന്ന് ഇടങ്ങളിലായി ആകെ ഏഴുവോട്ടെടുപ്പ് കേന്ദ്രങ്ങളെയാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. 58 എണ്ണം സാധ്യതാ പട്ടികയിലുണ്ട്. ഇത്തരം ബൂത്തുകളില്‍ കേന്ദ്ര സുരക്ഷാ സേന (സിഎപിഎഫ്) യുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.പള്ളിപ്പുറം യൂണിയന് ബേസിക് യു.പി സ്കൂള്‍ (ബൂത്ത് നം. 49, 50), കര്‍ണ്ണകയമ്മന്‍ എച്ച്.എസ്. മൂത്താന്തറ (ബൂത്ത് നം: 56,57,58), തണ്ണീര്‍പന്തല്‍ എ.എം.എസ്.ബി സ്കൂള്‍ (ബൂത്ത് നം. 177, 179) എന്നിവയാണ് പ്രശ്ന ബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ അധികസുരക്ഷയൊരുക്കും.
വോട്ട് രേഖപ്പെടുത്താം ഇങ്ങനെ...
വോട്ടര്‍ പോളിങ് ബൂത്തിലെത്തിയാല്‍ പോളിങ് ബൂത്തിലെ ആദ്യ പോളിങ് ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥ വോട്ടര്‍ പട്ടികയിലെ സമ്മതിദായകന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിക്കും. ശേഷം രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടുകയും സ്ലിപ് നല്‍കുകയും രജിസ്റ്ററില്‍(ഫോം 17-എ) ഒപ്പ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. തുടര്‍ന്ന് മൂന്നാമത്തെ പോളിങ് ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥ വോട്ടറുടെ സ്ലിപ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന് അടുത്തേക്ക്(ഇ.വി.എം) പോകാം.
ഇ.വി.എമ്മില്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയുടെയോ/നോട്ടയുടെയോ നേരെയുള്ള ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. സമ്മതിദായകന് തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയുടെ/നോട്ടയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്റെ സുതാര്യമായ വിന്‍ഡോയില്‍ ഏഴ് സെക്കന്റ് ദൃശ്യമാവുകയും ചെയ്യും. തുടര്‍ന്ന് കണ്ട്രോള് യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്ദം കേള്‍ക്കാം. ഇത് സമ്മതിദായകന് വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു. പ്രിന്റ് ചെയ്ത സ്ലിപ് വിവിപാറ്റ് മെഷീനില്‍ സുരക്ഷിതമായിരിക്കും. വിവിപാറ്റില്‍ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയര്‍ന്ന ശബ്ദത്തിലുള്ള ബീപ്പ് ശബ്ദം കേള്‍ക്കാതിരിക്കുകയോ ചെയ്താല്‍ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോളിങ് ബൂത്തിനുള്ളില്‍ അനുവദനീയമല്ല.
വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍
ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡി കാര്‍ഡാണ് (ഇ.പി.ഐ.സി) തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം.ആധാര്‍ കാര്ഡ്്, പാന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി), സര്‍വീസ് ഐഡി കാര്ഡ്്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴില്‍ മന്ത്രാലയം നല്കുന്ന ഹെല്‍ത്ത്് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് , എന്‍.പി.ആര്- ആര്.ജി.ഐ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, പെന്ഷന് രേഖ, എംപി/എംഎല്‍എ/ എംഎല്‍സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നത്.
790 ഭിന്നശേഷി വോട്ടര്‍മാര്‍; 184 ബൂത്തുകളും ഭിന്നശേഷി സൗഹൃദം
ഉപതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല.
അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്. എ.എല്‍.പി. സ്കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീര്‍ മച്ചിങ്ങലാണ് നോഡല്‍ ഓഫീസര്‍.