പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളേയും ഏജന്റുമാരേയും ഉള്‍പ്പെടുത്തി യോഗം വിളിച്ചു

Palakkad assembly by-election: A meeting was called involving candidates and agents
Palakkad assembly by-election: A meeting was called involving candidates and agents

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥികളേയും ഏജന്റുമാരേയും ഉള്‍പ്പെടുത്തി യോഗം വിളിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചെലവ്, മാതൃകാ പെരുമാറ്റചട്ടം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം.  സുഗമവും നീതിയുക്തവും സുതാര്യവുമായ ഉപതിരഞ്ഞെടുപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡോ.എസ്. ചിത്ര യോഗത്തില്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റച്ചട്ടം കൃതൃമായി പാലിക്കണം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും നിരീക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുന്നതായും അവര്‍ അറിയിച്ചു.  സ്ഥാനാര്‍ത്ഥികള്‍ക്ക്  പരമാവധി 40 ലക്ഷം രൂപ മാത്രമേ ചെലവഴിക്കാന്‍ അനുമതിയുള്ളൂ. സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ എഴുതി സൂക്ഷിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ സമര്‍പ്പിക്കുകയും വേണം. പൊതുസ്ഥലങ്ങളിലും മറ്റും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ അഴിച്ചു മാറ്റുന്നതിനുള്ള ചെലവും സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട കേസ് സംബന്ധിച്ച വിവരം മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം.

പ്രചരണാവശ്യാര്‍ത്ഥം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.  ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിനു മുമ്പ്  ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (എം.സി.എം.സി) അംഗീകാരം നേടണം. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി നവംബര്‍ നാലു മുതല്‍ ഹോം വോട്ടിങ് ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മൂന്ന്  ഇടങ്ങളിലായി ആകെ ഏഴു പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയതായും ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് യോഗത്തില്‍ അറിയിച്ചു. പെരുമാറ്റ ചട്ടലംഘനം, ചെലവ് രേഖപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഉത്പാല്‍ ഭദ്ര, ചെലവു കാര്യ നിരീക്ഷകന്‍ പി.സായ് കൃഷ്ണ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഉപതിരഞ്ഞെടുപ്പ് വരണാധികാരിയും പാലക്കാട് ആര്‍.ഡി.ഒയുമായ എസ്. ശ്രീജിത്ത്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് തുടങ്ങിയവരും പങ്കെടുത്തു.

Tags