ഒറ്റപ്പാലം ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു

google news
dsg

പാലക്കാട് :  ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് കരട് പദ്ധതി രേഖ പ്രകാശനവും ഉദ്ഘാടനവും നിര്‍വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ബാബു അധ്യക്ഷനായി. കാര്‍ഷിക മേഖല പശ്ചാത്തല വികസനം, ദാരിദ്ര്യനിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം, ക്ഷീരമേഖല ഭിന്നശേഷി ക്ഷേമം വയോജനക്ഷേമം തുടങ്ങിയ മേഖലകള്‍ക്കെല്ലാം ഊന്നല്‍ നല്‍കിയാണ് കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്.


പയര്‍ ഗ്രാമം പദ്ധതി, നെല്‍കൃഷിക്ക് ഒഴിവുകുലി നല്‍ക്കല്‍, നീര്‍ച്ചാലുകളുടെ നവീകരണം, സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക, അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങളുടെ ഉന്നമനത്തിനായി പദ്ധതികള്‍, വനിതാ സ്വയംതൊഴില്‍ പദ്ധതികള്‍, സായാഹ്ന പഠനകേന്ദ്രങ്ങള്‍, ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം, ജലാശയ സംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, വികസനം, കുട്ടികള്‍ക്കായി പാര്‍ക്കുകള്‍, വനിതാ ജിംനേഷ്യം, ഹാപ്പിനെസ് പാര്‍ക്ക് തുടങ്ങിയ നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് കരട് പദ്ധതി തയ്യാറാക്കിയത്. പരിപാടിയില്‍ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജേഷ്, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ലതിക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags